കോന്നി: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ഐ.സി.യു ആംബുലൻസ് സേവനമില്ലാത്തത് രോഗികൾക്ക് തിരിച്ചടിയാകുന്നു. വെള്ളിയാഴ്ച കൂടൽ നെടുമൺകാവിൽ വിഷം കഴിച്ച ദമ്പതിമാരിൽ ഒരാളെ കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനായി ഐ.സി.യു ആംബുലൻസിനായി കാത്തിരുന്നത് ഒരു മണിക്കൂറിലേറെയാണ്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഇവർ വഴിമധ്യേ മരിച്ചു.
കോന്നിയിൽ നിലവിൽ ഇ.എം.എസ് ചാരിറ്റബിൾ സോസൈറ്റിക്ക് മാത്രമാണ് ഐ.സി.യു ആംബുലൻസുള്ളത്. അതിനാൽ തന്നെ ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. സ്വകാര്യ ആംബുലൻസ് സർവിസുകാർക്കും ഐ.സി.യു സംവിധാനമില്ല. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും റാന്നി താലൂക്ക് ആശുപത്രിയിലും മാത്രമാണ് നിലവിൽ ഈ സേവനമുള്ളത്. കോന്നി മെഡിക്കൽ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ എല്ലാം ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ മാത്രമാണുള്ളത്. കോന്നിയിൽ ഡ്രൈവർമാരില്ലാത്തതിനാൽ സർവിസ് മുടങ്ങിയ സ്ഥിതിയിലുമാണ്.
അതേസമയം, കോന്നി താലൂക്ക് ആശുപത്രിയിലാകട്ടെ സാധാരണ ആംബുലൻസുകൾ പോലുമില്ല. കോന്നി മെഡിക്കൽ കോളേജിൽ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ഉണ്ടെങ്കിലും ഡ്രൈവർ ഇല്ലെന്ന കാരണത്താൽ വെറുതെ കിടന്ന് നശിക്കുകയാണ്.
കോന്നി മെഡിക്കൽ കോളജ്, കോന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ 108 ആംബുലൻസിന്റെ സേവനം ലഭ്യമാണെങ്കിലും ഇത് 12 മണിക്കൂർ മാത്രമാണ് പ്രവർത്തിക്കുന്നത്. രാത്രിയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പുറത്തുനിന്ന് ആംബുലൻസ് വിളിക്കേണ്ട സ്ഥിതിയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത പൂർത്തിയായശേഷം നിരവധി അപകടങ്ങളാണ് കോന്നിയിൽ നടക്കുന്നത്.
പെട്ടന്ന് ഉണ്ടാകുന്ന അപകടങ്ങളിൽ പലതിനും ഐ.സി.യു ആംബുലൻസ് സേവനം അത്യാവശ്യമാണ്. പരിശീലനം ലഭിച്ച നഴ്സ്, വെന്റിലേറ്റർ സൗകര്യം, കാർഡിയാക് മോണിറ്റർ, ഡിഫ്രിലേറ്റർ, സിറിഞ്ച് പമ്പ്, ഇൻഫ്യൂഷൻ പമ്പ്, അത്യാവശ്യ മരുന്നുകൾ തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഇത്തരം ആംബുലൻസുകളിൽ ലഭ്യമാണ്. എന്നാൽ സാധാരണ ആംബുലൻസിൽ ഓക്സിജൻ സേവനം മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഐ.സി.യു ആംബുലൻസിന്റെ സേവനം ഒരുക്കണമെന്നാവശ്യം ശക്തമാണ്.
വെന്റിലേറ്റർ സൗകര്യം ആവശ്യമുള്ള രോഗികളെ സർക്കാർ ആശുപത്രികളിൽ നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ ഭീമമായ തുക നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നിർധനരായ രോഗികൾക്ക് ഇതിന് കഴിയാതെ വരുന്നതിനാൽ പലപ്പോഴും ജീവൻ നഷ്ടമാകുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.