പത്തനംതിട്ട: ജില്ലയിലെ പാറമടകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി. നിലവിലെ മുഴുവൻ ക്വാറികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിയശേഷമാകണം പഠനമെന്നും അവർ ആവശ്യപ്പെട്ടു.
കോന്നി പയ്യനാമണ്ണിലെ ചെങ്കളം പാറമടയിലുണ്ടായ അപകടം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. നിയമങ്ങൾ ലംഘിച്ചും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയും ഖനനം നടത്താൻ പാറമട ഉടമക്ക് ഒത്താശ ചെയ്ത അധികൃതരുടെ അനാസ്ഥയാണ് അപകട കാരണം. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം.
വനമേഖല കേന്ദ്രീകരിച്ചും അനേകം പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി നാശവും ജൈവവൈവിധ്യ ശോഷണവും സൃഷ്ടിക്കുന്ന ഇവയെകുറിച്ചു പരിഷത്ത് പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ പാറമട ഉടമകൾ ഉദ്യോഗസ്ഥ, രാഷ്ട്രീയ സംവിധാനങ്ങളെ സ്വന്തം താൽപര്യങ്ങൾക്ക് അനുഗുണമാക്കി മാറ്റുന്നതിനാൽ നടപടി ഉണ്ടാകുന്നില്ല. പാറഖനനത്തിൽ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ സമീപനം ഉണ്ടാകണം.
ഇതിനു വിദഗ്ധ സമിതിയെ അടിയന്തരമായി നിയോഗിക്കണം. പഠന കാലയളവിൽ ഖനനം നിർത്തിവെപ്പിച്ചു തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നൽകണമെന്ന് ജില്ല പ്രസിഡൻറ് പ്രഫ. കെ.എസ്. ശ്രീകല, സെക്രട്ടറി രാജൻ ഡി. ബോസ്, പരിസ്ഥിതി വിഷയ സമിതി കൺവീനർ ഡോ. കെ.പി. കൃഷ്ണൻകുട്ടി, ചെയർമാൻ ഡോ. മാത്യു കോശി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.