മൈലപ്രയിൽ നടന്ന പഞ്ചായത്ത് തല യോഗം
പത്തനംതിട്ട: വന്യജീവി ശല്യം രൂക്ഷമായ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വനം വകുപ്പ് നടത്തുന്ന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ ഭാഗമായി ജില്ലയിൽ ലഭിച്ചത് 213 പരാതി. റാന്നി, കോന്നി വനം ഡിവിഷനുകളിലായി 22 സ്ഥലങ്ങളിലാണ് പൊതുജനങ്ങൾക്കായി പരാതിപ്പെട്ടി സ്ഥാപിച്ചത്. ഹെൽപ് ഡെസ്കുകളും തുറന്നിട്ടുണ്ട്.
പരാതികളിൽ 120 ഉം റാന്നി ഡിവിഷനിൽനിന്നും 93 കോന്നിയിൽനിന്നുമാണ്. പഞ്ചായത്ത്, റേഞ്ച് തലങ്ങളിൽ തീർപ്പാക്കാൻ കഴിയുന്ന പരാതികൾക്ക് ഹെൽപ് ഡെസ്ക്കിലൂടെ ഉടൻ പരിഹാരവും കാണുന്നുണ്ട്.
റാന്നി വനം ഡിവിഷനിലെ 15 സ്ഥലങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്. റാന്നി, വടശേരിക്കര, ഗൂഡ്രിക്കൽ റേഞ്ചുകളുടെ പരിധിയിലെ കൊറ്റനാട്, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, റാന്നി, പെരുനാട്, വെച്ചൂച്ചിറ, ചിറ്റാർ, വടശേരിക്കര, തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലുമാണ് ഹെൽപ് ഡസ്ക്. റാന്നി , ഗൂഡ്രിക്കൽ, വടശേരിക്കര എന്നീ വനം ഓഫീസുകളിലും പരാതിപ്പെട്ടികളും ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്.
കോന്നിയിൽ ഏനാദിമംഗലം, മലയാലപ്പുഴ, കോന്നി, മൈലപ്ര, പ്രമാടം പഞ്ചായത്തുകളിലും കോന്നി, നടുവത്തുമൂഴി റേഞ്ച് ഓഫിസുകളിലുമാണ് പരാതി സ്വീകരിക്കാൻ സൗകര്യം. കാട്ടുപന്നി ആക്രമണവും വിളനാശവും സംബന്ധിച്ചാണ് പരാതികളിൽ ഭൂരിഭാഗവും. റാന്നി പഞ്ചായത്തിൽ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് 25 പരാതി ലഭിച്ചു.
പരാതികൾ വനംവകുപ്പ് പരിശോധിച്ച് തദ്ദേശ സ്ഥാപനങ്ങളുമായുംബന്ധപ്പെട്ട വകുപ്പുകളുമായും ചേർന്ന് പരിഹാര നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് യോഗങ്ങളും ആരംഭിച്ചു. ജില്ലയിലെ ഭൂരിഭാഗം പ്രശ്നബാധിത പഞ്ചായത്തുകളിലും ഇത് പൂർത്തിയായി.
റേഞ്ച് തലത്തിൽ പരിഹാരമാകാത്തവ ജില്ല തലത്തിൽ പരിഹരിക്കാൻ അടുത്തഘട്ടത്തിൽ നടപടി സ്വീകരിക്കും. തുടർന്ന് സംസ്ഥാനതലത്തിലും നടപടി ആവിഷ്കരിക്കും. പരാതികളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വിശദീകരണവും നൽകുന്നുണ്ട്.
പരാതിക്കാരുടെ വീട്ടിലെത്തി ഇതുവരെ സ്വീകരിച്ച നടപടികളും തുടർ പ്രതിരോധ പ്രവർത്തനങ്ങളുമാണ് വ്യക്തമാക്കുന്നത്. സെപ്റ്റംബർ 16ന് ആരംഭിച്ച ആദ്യഘട്ടത്തിന്റെ ഭാഗമായി 30വരെ ഹെൽപ് ഡെസ്കുകൾ വഴി പരാതി നൽകാം. വന്യജീവി സംഘർഷ ലഘൂകരണത്തിന് പ്രാദേശിക അറിവുകളും നിർദേശങ്ങളും സർക്കാറിനെ അറിയിക്കാനുള്ള അവസരം കൂടിയാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.