പന്തളം: കാടിറങ്ങിയ കാട്ടുപന്നിക്കൂട്ടം എം.സി റോഡിൽ എത്തിയതോടെ നാട്ടുകാർ ഭീതിയിൽ. രാത്രികാലങ്ങളിൽ ഗ്രാമീണ മേഖലയിലെ കാർഷിക ഉൽപന്നങ്ങൾ കൂട്ടത്തോടെ നശിപ്പിക്കുന്ന കാട്ടുപന്നിക്കൂട്ടം പകൽ സമയത്ത് എം.സി റോഡിന് കുറുകെ ഓടുന്നതും നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയോടെ എം.സി റോഡിൽ കുരമ്പാല ജങ്ഷനുസമീപം കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിലിറങ്ങി. വാഹനത്തിരക്കുള്ള റോഡിലൂടെ ഓടി കാട്ടുപന്നികൾ മറുകണ്ടം ചാടി പോവുകയായിരുന്നു. കാട്ടുപന്നിശല്യം രൂക്ഷമായതോടെ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍ വലയുകയാണ്. പന്തളം തെക്കേക്കര പഞ്ചായത്തിലെ കര്‍ഷകരാണ് വിളകള്‍ സംരക്ഷിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്നത്. കാട് വെട്ടിത്തെളിച്ചും പ്രതികൂല കാലാവസ്ഥയോട് പോരാടിയുമാണ് കൃഷി ചെയ്യുന്നത്.
എന്നാല്‍, വിളകളെല്ലാം ഒറ്റരാത്രി കൊണ്ട് കാട്ടുപന്നികളും മറ്റ് വന്യമൃഗങ്ങളും നശിപ്പിക്കുന്നതിന്റെ വേദനയിലാണ് കര്‍ഷകര്‍. തുമ്പമൺ, പന്തളം തെക്കേക്കര മേഖലയിലെ കര്‍ഷകരാണ് ദുരിതമേറെ അനുഭവിക്കുന്നത്. മരച്ചീനിയും ചേമ്പും ചേനയുമെല്ലാമാണ് കാട്ടുപന്നികളും മുള്ളന്‍ പന്നികളും നശിപ്പിക്കുന്നത്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന് അധികൃതര്‍ തയറാകണമെന്ന ആവശ്യം ശക്തമാണ്.
കാട്ടുപന്നികള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തുമ്പമൺ പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ നാട്ടുകാര്‍ റാന്നി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നൽകുകയും കാട്ടുപന്നികളെ പിടികൂടാൻ തോക്ക് ലൈസൻസ് ഉള്ളവരെ നിയമിക്കുകയും ചെയ്തെങ്കിലും തുച്ഛമായ കാട്ടുപന്നികളെ മാത്രമേ പിടികൂടാൻ കഴിഞ്ഞുള്ളൂ. കിഴക്കൻ വനമേഖലയിൽ നിന്ന് കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ വ്യത്യസ്ത സ്ഥലങ്ങളിൽ നിലയുറപ്പിച്ച് വിളകൾ നശിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.