പത്തനംതിട്ട: ജോലി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്തരുതെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ. ജോലി സമയത്തല്ലാതെ ജീവനക്കാർ ആശുപത്രിയിലേക്ക് എത്തരുത്. ഡ്യൂട്ടിക്കല്ലാതെ എത്തുന്നവർ സി.എം.ഒയുടെ അനുമതി തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, സർക്കുലറിനെതിരെ ജീവനക്കാർ രംഗത്തെത്തി. തങ്ങളെ ആക്ഷേപിക്കാനെന്ന് ഇതെന്നും ഡ്യൂട്ടി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്താറില്ലെന്നും അവർ പറയുന്നു. ഒറ്റപ്പെട്ട ആരെങ്കിലും മദ്യപിച്ചെത്തിയാൽ കർശന നടപടി സ്വീകരിക്കണം. അല്ലാതെ മുഴുവൻ ജീവനക്കാരെയും സംശയനിഴലിലാക്കുന്ന രീതിയിൽ സർക്കുലർ ഇറക്കുകയല്ല വേണ്ടത്.
ഡ്യൂട്ടി സമയത്തിനുശേഷം അത്യാവശ്യ ആവശ്യങ്ങൾക്ക് പോലും എത്തരുതെന്ന നിർദേശം വിചിത്രമാണെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. താൽക്കാലിക ജീവനക്കാരിൽ ചിലർ മദ്യപിച്ച് ജോലിക്ക് എത്തിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ എന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ആർ.എം.ഒ വളർത്തുനായയുമായി ഓഫിസിൽ എത്തിയതും വിവാദമായിരുന്നു.
അതേസമയം, ബി ആൻഡ് സി കെട്ടിട അറ്റകുറ്റപണിയുടെ ഭാഗമായി ശസ്ത്രക്രിയ വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള തയാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.