കോന്നി: വേനൽ കത്തിയെരിഞ്ഞു തുടങ്ങിയിട്ടും മലയോര മേഖലയിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നു. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, മണ്ണീറ, അതുമ്പുകുളം, ആവോലിക്കുഴി, ചിറ്റാർ, സീതത്തോട് തുടങ്ങിയ മലയോര മേഖലകളാണ് കാട്ടുതീ ഭീഷണി നേരിടുന്നത്.
കോന്നി വനം ഡിവിഷനുമായി ബന്ധപ്പെട്ട മേഖലകളാണ് ഇവയെല്ലാം. മുമ്പൊക്കെ വേനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വനം വകുപ്പ് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുമായിരുന്നു. ഇത്തവണ ഒരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല. ഫയർ ബ്രേക്ക്, വാച്ചർമാരുടെ സേവനം, ഫയർ ഗ്യാങ് എന്നിവയാണ് കാട്ടുതീ ഭീതിയിൽനിന്ന് മലയോര മേഖലയെ രക്ഷിച്ചിരുന്നത്.
വനത്തിനോടു ചേർന്ന ഭാഗത്ത് കിടക്കുന്ന കരിയിലകളും തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും നീക്കം ചെയ്യുന്ന രീതിയാണ് ഫയർ ബ്രേക്ക് പ്രവർത്തനം. വന സംരക്ഷണ സമിതി അംഗങ്ങളെ ഉൾകൊള്ളിച്ചുള്ള ഫയർ ഗ്യാങ് സേവനവും ആരംഭിച്ചിട്ടില്ല. വനംവകുപ്പ് നിയോഗിക്കുന്ന താൽക്കാലിക വാച്ചർമാരാണ് തീ കെടുത്തുന്നതിൽ മറ്റൊരു വിഭാഗം. എന്നാൽ വേനൽ കടുത്ത് തുടങ്ങിയിട്ടും ഈ സംവിധാനങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല.
വനത്തിനുള്ളിൽനിന്ന് ഉണ്ടാകുന്ന തീയേക്കാൾ ജനവാസ മേഖലയിലെ റബർ തോട്ടങ്ങൾ, പ്ലാന്റേഷനുകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന തീ വനത്തിലേക്ക് പടരുകയാണ് ചെയ്യുന്നത്. ഇങ്ങനെ വനത്തിലേക്ക് പടരുന്ന തീ ഹെക്ടർ കണക്കിന് വന ഭൂമിയും ചാരമാക്കാറുണ്ട്. വനത്തിനുള്ളിലേക്ക് അഗ്നിശമന സേന വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്തത് തീ കെടുത്തൽ ശ്രമങ്ങളും ദുഷ്കരമാക്കും.
ഇങ്ങനെ വരുമ്പോൾ മരച്ചില്ലകൾ ഉപയോഗിച്ച് തീ അടിച്ചു കെടുത്തുകയാണ് പതിവ്. ഇത്തരത്തിൽ തീ കെടുത്തി വരുമ്പോഴേക്കും വന ഭൂമി പകുതിയിൽ കൂടുതലും കത്തി തീർന്നിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.