പത്തനംതിട്ട: ലൈസൻസില്ലാതെ പ്രവർത്തിച്ച ജില്ലയിലെ ഭക്ഷ്യസ്ഥാപനങ്ങളിൽനിന്ന് ഒമ്പത് മാസത്തിനിടെ പിഴയായി ഈടാക്കിയത് 4,27,700 രൂപ. ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനകളിൽ വീഴ്ചകണ്ടെത്തിയവർക്കെതിരെയാണ് നടപടി. അനധികൃതമായി ഭക്ഷണപദാർഥങ്ങൾ നിർമിക്കുന്നവരിൽനിന്നും വിതരണം ചെയ്യുന്നവരിൽനിന്നും ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ ഒമ്പതുവരെ ഈടാക്കിയ പിഴത്തുകയാണിത്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷ്യസ്ഥാപനങ്ങൾ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപകപരിശോധനകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിവരുന്നത്. പിടിക്കപ്പെട്ടാൽ പിഴയീടാക്കുക, സ്ഥാപനം പൂട്ടിക്കുക തുടങ്ങിയ നടപടിയാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴയീടാക്കിയത് എറണാകുളം ജില്ലയിൽനിന്നാണ്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളാണ് പിഴയൊടുക്കിയതിൽ തൊട്ടുപിറകിലുള്ളത്.
ജില്ലയിൽ തട്ടുകടകൾ അടക്കമുള്ളവയാണ് കൂടുതലായി ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത്. ലൈസൻസ് പുതുക്കാത്തവരും ഏറെയാണ്.ദേശീയപാതയുള്‍പ്പെടെ ജില്ലയിലെ എല്ല പ്രധാന റോഡുകളിലും അനധികൃത ഭക്ഷണ വിൽപനകേന്ദ്രങ്ങള് പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്ത് വാഹനങ്ങളില്‍കൊണ്ടുവന്ന് നിശ്ചിതകേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്ത് വിൽപന നടത്തുന്നവരും ഏറെയാണ്. എന്നാൽ, ഇവർക്ക് നിയമപരമായ ഒരംഗീകാരവുമില്ല.
വാങ്ങുന്ന ഭക്ഷണത്തിന് ബില്ലോ മറ്റ് നിയമപരമായ രേഖകളോ ഉണ്ടാകില്ല. ഇത്തരത്തില്‍ വാങ്ങുന്ന ഭക്ഷണം നിമിത്തം ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ പരാതിപ്പെടാനും പ്രയാസമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ചെറുകടികൾ വിൽക്കുന്ന പല കടകളുടെയും പ്രവർത്തനം ലൈസൻസില്ലാതെയാണ്.
ഇതിനുപുറമെ, നാലുമാസത്തിനിടെ ജില്ലയിൽ നടത്തിയ പരിശോധനകളിൽ മറ്റ് 14 കേസുകളും ഭക്ഷ്യസുരക്ഷ വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശുചിത്വത്തിൽ വീഴ്ച വരുത്തിയ ഹോട്ടലുകൾ അടക്കമുള്ളവക്കെതിരെയാണ് കേസ്. അതേസമയം, ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ പത്തനംതിട്ടയിൽനിന്ന് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുക്കാനായില്ല.
വെളിച്ചെണ്ണ വില ക്രമാതീതമായി വർധിച്ചതോടെ മായം ചേർക്കലും വ്യാജൻമാരും വ്യാപകമാണെന്ന പരാതികളെ തുടർന്നാണ് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പരിശോധന നടത്തിയത്. ജില്ലയിലെ 50 ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും വ്യാജന്മാരെ കണ്ടെത്താനായില്ല. ജില്ലയിൽ വെളിച്ചെണ്ണ നിർമാണ യൂനിറ്റുകൾ ഇല്ലാത്തതാകും വ്യാജന്മാർ ഒഴിഞ്ഞുനിൽക്കാൻ കാരണമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.