എ.ഡി.എം ബി.ജ്യോതിയുടെ അധ്യക്ഷത
യില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന എക്സൈസ് ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗം
പത്തനംതിട്ട: എക്സൈസ് പരിശോധനയിൽ ജില്ലയിൽ പിടികൂടിയത് 210.430 കിലോ നിരോധിത പുകയില ഉൽപന്നം. 3,99,200 രൂപ പിഴ ഈടാക്കി. എക്സൈസ് ജില്ല തല വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. ജില്ലയിൽ 5257 റെയ്ഡാണ് നടത്തിയത്. ഇതിൽ 1127 കേസുകളിലായി 1049 പേരെ അറസ്റ്റ് ചെയ്തു. 17 വാഹനങ്ങള്‍ പിടിച്ചെടുത്തു.
പൊലിസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് വന മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 1127 കേസുകളില്‍ 5711 ലിറ്റര്‍ കോട, 1120.136 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 143.550 ലിറ്റര്‍ ചാരായം, 24.750 ലിറ്റര്‍ അരിഷ്ടം എന്നിവ കണ്ടെത്തി. കള്ളുഷാപ്പുകളില്‍ 1544 പരിശോധന നടത്തി 279 സാമ്പിള്‍ ശേഖരിച്ചു രാസപരിശോധനക്ക് അയച്ചു. ഓണഘോഷത്തോടനുബന്ധിച്ച് എക്സൈസ്, പൊലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കാൻ യോഗം തീരുമാനിച്ചു. വില്ലേജ്, വാര്‍ഡ് തലങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും.
ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്പാദനവും വിതരണവും തടയുന്നതിന് വിപുലമായ എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമീഷനര്‍ ഓഫിസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂമും ജില്ലയിലെ രണ്ട് ഓഫിസുകളിലായി സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റും രൂപവത്കരിച്ചു. സംശയാസ്പദ സാഹചര്യങ്ങിൽ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമീഷനറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാൻ ഷാഡോ എക്സൈസ് ടീമും സജ്ജമാണ്.
പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്പാദന-വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും റെയ്ഡ് നടത്തും. പ്രധാനപാതകളില്‍ വാഹനപരിശോധനക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. സംശയാസ്പദ സാഹചര്യത്തിലുള്ള വാഹനം, കട, തുറസ്സായ സ്ഥലം, സ്ഥാപനം എന്നിവ പരിശോധിക്കും.
കള്ളുഷാപ്പ്, ബാര്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും. നിരോധിത പുകയില ഉല്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വില്പന കര്‍ശനമായി തടയും. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വ്യാപനം തടയുന്നതിനു നിരീക്ഷണം ശക്തമാക്കും.
എ.ഡി.എം ബി. ജ്യോതി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എം. സൂരജ്, നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബി. അനില്‍, കോന്നി സീനിയര്‍ ഫോറസ്റ്റ് ഓഫിസര്‍ എ.എസ്. മനോജ്, ജില്ല വിദ്യാഭ്യാസ ഓഫീസര്‍ (തിരുവല്ല) പി.ആര്. മല്ലിക, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ, മദ്യനിരോധന സംഘം പ്രസിഡന്റ് ജയചന്ദ്രന് ഉണ്ണിത്താന്, അംഗങ്ങളായ വാളകം ജോണ്‍, കേരള മദ്യവര്‍ജന ബോധവത്കരണ സമിതി പ്രസിഡന്റ് സോമന് പാമ്പായിക്കോട്, ജില്ല രക്ഷാധികാരി പി.വി. എബ്രഹാം, മുഹമ്മദ് സാലി, ബേബി കുട്ടി ഡാനിയേല്‍, രാജമ്മ സദാനന്ദന്, പി കെ ഗോപി തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.