‘നിര്‍മല ഗ്രാമം നിര്‍മല നഗരം നിർമല ജില്ല’ പദ്ധതിയുടെ ഭാഗമായ ശുചിത്വ സര്‍വേയുടെ
ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു
പത്തനംതിട്ട: ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല' പദ്ധതിയുടെ പ്രവര്‍ത്തനം മികച്ച മാതൃകയാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജില്ല പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, പഞ്ചായത്തുകള്‍ എന്നിവ സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ ശുചിത്വ സര്‍വേയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ശുചിത്വ ജില്ലയായി മാറ്റാനാണ് ലക്ഷ്യം. ഇതിലൂടെ മറ്റൊരു മികച്ച മാതൃക തീര്‍ക്കുന്നതിന് ജില്ലക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ സഹായത്തോടെ നടത്തുന്ന ശുചിത്വ സര്‍വേയുടെ ക്യൂ ആര് കോഡ് ഉദ്ഘാടനം നഗരസഭ 29ാം വാർഡിലെ നന്നുവക്കാട് ആശാരിപ്പറമ്പില്‍ ശാന്തമ്മയുടെ ഭവനത്തില്‍ പതിച്ച് മന്ത്രി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ ശുചിത്വം നേടാൻ പോരായ്മകള്‍ കണ്ടെത്തി ഘട്ടംഘട്ടമായി ശുചിത്വ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ വളന്റിയര്‍മാര്‍ സ്മാര്‍ട്ട്ഫോണ്‍ വഴിയാണ് ശുചിത്വ സര്‍വേ നടത്തുന്നത്. ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. ജില്ലയില്‍ ഉടനീളം പ്രചാരണം നടത്തുന്ന ലഘുലേഖയുടെ പ്രകാശനം നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ജിജി മാത്യു, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്മാന് ആര്. അജിത് കുമാര്‍, പത്തനംതിട്ട നഗരസഭ വികസനകാര്യസ്ഥിരം സമിതി ചെയര്മാന് കെ.ആര്. അജിത് കുമാര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ജെറി അലക്സ്, നഗരസഭ സെക്രട്ടറി ഷെര്‍ലാബീഗം, ജില്ല കോഓഡിനേറ്റര്‍ നാന്‍സി റഹ്മാന്, നവകേരള കര്‍മസമിതി ജില്ലകോഓഡിനേറ്റര് ആര്. അനില്‍കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.