പരിഹാരമില്ലാതെ മൈലപ്ര സഹകരണ ബാങ്കിലെ പ്രതിസന്ധി

പത്തനംതിട്ട: പ്രതിസന്ധിയിലായ മൈലപ്ര സർവിസ് സഹകരണ ബാങ്കിൽ പണം ആവശ്യപ്പെട്ട് കൂടുതൽ നിക്ഷേപകർ എത്തി തുടങ്ങി. വെള്ളിയാഴ്ച വലിയതിരക്കാണ് അനുഭവപ്പെട്ടത്. കുടൂതൽ തുക ആവശ്യപ്പെട്ടവർക്ക് 10000 രൂപ നൽകി പറഞ്ഞുവിട്ടു.

ബാങ്കിൽ നടന്ന തിരിമറിയെ തുടർന്ന് സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കയാണ്. അറസ്റ്റ് ഭയന്ന് സെക്രട്ടറി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതെ സമയം സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പ്രസിഡന്‍റ് അറിയിച്ചു. സെക്രട്ടറി ഈ മാസം 30ന് വിരമിക്കുകയാണ്. വായ്പ കുടിശ്ശികയെ തുടർന്ന് സഹകരണ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജീവനക്കാരാണ് ജോയന്‍റ് രജിസ്ട്രാർക്ക് പരാതി നൽകിയത്. 2003 ലാണ് അനുബന്ധ സ്ഥാപനമായി ഗോതമ്പ് സംസ്കരണ ഫാക്ടറി ആരംഭിച്ചത്. പലിശ ഉൾപ്പെടെ 35 കോടിയോളം രൂപ ഫാക്ടറിയിൽനിന്നും തിരികെ ലഭിക്കാനുണ്ട്. ആദ്യം കോഓപറേറ്റിവ് ഡെവലപ്മെൻറ് കോർപറേഷ‍‍െൻറ സഹായത്തോടെയാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. 5.85 കോടി സഹായവും ലഭിച്ചിരുന്നു. പിന്നീട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയതോടെയാണ് അഴിമതി ആരംഭിച്ചത്. ഫാക്ടറി ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല.

3.94 കോടിയുടെ ഗോതമ്പ് ഉണ്ടെന്ന് കാണിച്ചെങ്കിലും സഹകരണ അസിസ്റ്റന്‍റ് രജിസ്ട്രാർ നടത്തിയ പരിശോധനയിൽ ഇത് കള്ളമാണെന്ന് കണ്ടു. സാമ്പത്തിക തകർച്ചയിൽനിന്നും ബാങ്കിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമരവുമായി രംഗത്തു വന്നതോടെയാണ് കൂടുതൽ അഴിമതികൾ പുറത്താകുന്നത്. ഇതിനിടെ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങിയിരുന്നു. ശാന്തിനഗർ, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ തുറക്കുന്നില്ല. ഗോതമ്പ് സംസ്കരണ ഫാക്ടറിക്ക് 40 കോടിയോളം രൂപ അഡ്വാൻസ് നൽകിയത് തിരികെ ലഭിക്കാതായതോടെയാണ് സഹകരണ ബാങ്കിന്റെ പ്രതിസന്ധി രൂക്ഷമായത്. ബിനാമി പേരുകളിൽ പലരും ലോണുകൾ എടുത്തിട്ടുള്ളതായി ജീവനക്കാർ പറയുന്നു. ജില്ലക്ക് പുറത്തുള്ള ചില സ്ഥാപനങ്ങളിൽ കോടികൾ നിക്ഷേപം നടത്തിയിട്ടുള്ളതായും ജീവനക്കാർ ആരോപിക്കുന്നു. 123 കോടിയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കാണിത്. ഇതിൽ 72 കോടിയോളം രൂപ വിവിധ വായ്പകൾ നൽകിയിരിക്കയാണ്.

പലരുടെയും ആവശ്യങ്ങൾ മുടങ്ങിയതോടെ ബാങ്കിന് മുന്നിൽ നിന്ന് നിക്ഷേപകർ ബഹളം ഉണ്ടാക്കുന്നുണ്ട്. സ്വർണ പണയ വായ്പ എടുത്തവർക്ക് അത് തിരികെ എടുക്കാനും കഴിയുന്നില്ല. ഹെഡ് ഓഫിസ് വഴി പണം ഇടപാടുകൾ നടക്കുന്നതായി സി.പി.എം ഏരിയ കമ്മിറ്റി അംഗമായ പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ പറയുന്നു. വായ്പ തുകകൾ ലഭിക്കുന്ന മുറക്ക് നിക്ഷേപകർക്ക് ആവശ്യാനുസരണം പണം നൽകും. കുടിശ്ശിക ലോൺ തുകകൾ പിരിച്ചെടുക്കാനും ജീവനക്കാർ മുന്നിട്ടിറങ്ങും. ജീവനക്കാരുടെ സമരം കാരണം രണ്ട് ദിവസം ശാഖകൾ തുറക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി കോൺഗ്രസി‍െൻറ സംഘടനയായ കേരള കോഓപറേറ്റിവ് എംപ്ലോയ്സ് ഫ്രണ്ടി‍െൻറ സംസ്ഥാന പ്രസിഡന്‍റുമാണ്. 

തകർച്ചയുടെ വക്കിൽ കൂടുതൽ സഹകരണ ബാങ്കുകൾ

പത്തനംതിട്ട: ജില്ലയിലെ സഹകരണ ബാങ്കുകളിലെ ഞെട്ടിക്കുന്ന അഴിമതികളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഭൂരിഭാഗവും സി.പി.എം ഭരിക്കുന്ന ബാങ്കുകളുമാണ്. ഇതിനകം തകർന്ന നിരവധി സഹകരണ ബാങ്കുകൾ ജില്ലയിലുണ്ട്.

തകർച്ച നേരിടുന്ന കൂടുതൽ ബാങ്കുകൾ ഇനിയുമുള്ളതായി സഹകരണ വകുപ്പ് ജീവനക്കാർതന്നെ സമ്മതിക്കുന്നു. സഹകരണ ഓഡിറ്റ്വിഭാഗത്തിലെ ജീവനക്കാർക്ക് അറിയാമെങ്കിലും നേതാക്കളെ ഭയന്ന് അവർ വിവരങ്ങൾ പുറത്ത് വിടുന്നില്ല. തകർന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് നിക്ഷേപ തുക തിരികെ കിട്ടാത്ത സ്ഥിതിയാണ്. തട്ടിപ്പുകള്‍ നടന്ന സീതത്തോട്, കുമ്പളാംപൊയ്ക, വകയാര്‍, കോന്നി, കൊടുമണ്‍, ചന്ദനപ്പള്ളി എന്നിവിടങ്ങളിലെ നിക്ഷേപകരും പണം കിട്ടാതെ വലയുകയാണ്. ലക്ഷങ്ങളുടെ ബിനാമി ലോണുകളാണ് മിക്കയിടത്തും നൽകുന്നത്.

Tags:    
News Summary - Crisis in the Co-operative Bank without a solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.