പത്തനംതിട്ട: ഭാര്യയെയും അയല്‍വാസിയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്റെ മേല്‍നോട്ടത്തില്‍ കൂടല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനാണ് അന്വേഷണ ചുമതല. കൂടല്‍ പാടം പടയണിപ്പാറ ബൈജു ഭവനത്തില്‍ വൈഷ്ണ (30), പാടം കുറിഞ്ഞി സതിഭവനം വിഷ്ണു (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് വൈഷ്ണയുടെ ഭര്‍ത്താവ് ബൈജുവാണ് (34) അറസ്റ്റിലായത്.
ഭാര്യയും അയല്‍വാസിയായ വിഷ്ണുവും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി വൈഷ്ണ ഉപയോഗിച്ചുവന്നിരുന്ന രഹസ്യ ഫോണ്‍ ബൈജുവിന്റെ ശ്രദ്ധയില്‍പെട്ടതാണ് പ്രകോപന കാരണം. ഇതേതുടര്‍ന്നു വഴക്കുണ്ടായി. ആക്രമണം ഭയന്നോടിയ വൈഷ്ണയെ പിന്നാലെയെത്തിയ ബൈജു വിഷ്ണുവിന്റെ വീട്ടില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊടുവാള് ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പാടം സ്വദേശിയായ വിഷ്ണുവും അമ്മ സതിയും ഒന്നര വര്‍ഷമായി ബൈജുവിന്റെ വീടിനു സമീപം വാടകക്ക് താമസിക്കുകയാണ്.
സതിയുടെ ഭര്‍ത്താവ് 10 വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. ജോലികഴിഞ്ഞ് രാത്രി എത്തിയ വിഷ്ണു എട്ടോടെ ഉറങ്ങാന്‍ കിടന്നതായി സതി കൂടല്‍ പൊലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു. രാത്രി പതിനൊന്നോടെ വീടിന്റെ സിറ്റൗട്ടില്‍ നിലവിളി കേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ മകന് ചോരയില്‍ കുളിച്ചുകിടക്കുന്നതായും ബൈജു കൊടുവാള് കൊണ്ട് വെട്ടിയതായും പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സതി പറയുന്നു.
വിഷ്ണുവിന്റെ അരികിലായി വൈഷ്ണയും വെട്ടേറ്റുകിടക്കുകയായിരുന്നു. സതി സമീപവാസിയുടെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ബൈജുവും ഇക്കാര്യം സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. കൊല്ലപ്പെട്ട വിഷ്ണുവും ബൈജുവും സംഭവദിവസവും ഒന്നിച്ച് തടിപ്പണിക്ക് പോയിരുന്നവരാണെന്ന് പറയുന്നു. എസ്.ഐ അനില്‍കുമാര്‍, എസ്.സി.പിഒമാരായ സജികുമാര്‍, സുനില്‍ കുമാര്‍, സുബിന്, സിപിഒമാരായ രാജേഷ്, ബാബുക്കുട്ടന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
തിരുവല്ല: സിംഗപ്പൂരിൽ പാക്കിങ് ജോലി തരപ്പെടുത്തിനൽകാമെന്ന് പറഞ്ഞ് പണംതട്ടിയ കേസിൽ പ്രതിയെ തിരുവല്ല പൊലീസ് പിടികൂടി. തിരുവല്ല മുത്തൂർ രാമൻചിറ സെലസ്റ്റിയൻ ഫിനിക്സ് വീട്ടിൽ നിതീഷ് കൃഷ്ണനാ (38) ണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശി സഞ്ജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. 12,85,00 രൂപയാണ് യുവാവിന് നഷ്ടമായത്. 2023 സെപ്റ്റംബർ 18ന് ആദ്യഗഡുവായി 50,000 നേരിട്ടുനൽകി. ജോലി സംബന്ധിച്ച പരസ്യം കണ്ട്, അതിലെ ലിങ്കിലൂടെ അന്വേഷണം നടത്തിയ യുവാവിന് തിരുവല്ല റവന്യൂ ടവറിലുള്ള റോയൽ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നമ്പർ ലഭിച്ചു. ഇതിൽ ബന്ധപ്പെട്ടതിനെതുടർന്നാണ് പിതാവുമായി എത്തി നേരിട്ട് 50,000 നൽകിയത്. പിന്നീട്, 2024 മാർച്ച് 11നും ഏപ്രിൽ 16 നുമിടയിൽ പലതവണയായി 78,500 രൂപ ഗൂഗിൾ പേ ചെയ്യുകയായിരുന്നു. ഇതിന് പുറമെ സഞ്ജിത്തിന്റെ സുഹൃത്തുക്കളും മറ്റും ജോലിക്കായി നൽകിയ തുകകൾ ഉൾപ്പെടെ ആകെ 5,23,500 രൂപയാണ് പ്രതി പലരിൽ നിന്നായി തട്ടിയെടുത്തത്. ആർക്കും പറഞ്ഞ ജോലി നൽകുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി. വിസ എന്ന വ്യാജേന കൃത്രിമമായി നിർമിച്ച ലെറ്റർ പ്രതി യുവാവിന് നൽകിയിരുന്നു. ഇതേപ്പറ്റി യുവാവ് അന്വേഷിച്ചപ്പോൾ വിസ ഒറിജിനൽ ആണെന്നും ടിക്കറ്റ് മാത്രമേ വരാനുള്ളൂ എന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു.
സംശയം തോന്നിയ യുവാവ് അന്വേഷിച്ചപ്പോഴാണ് പലരും തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. തുടർന്നാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. പ്രതി നിധീഷ് കൃഷ്ണക്കെതിരെ മൂന്ന് വഞ്ചന കേസുകൾ കൂടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പത്തനംതിട്ട: അയിരൂർ സ്വദേശിനിയായ നഴ്സിങ് കഴിഞ്ഞ യുവതിയെ യു.കെയിൽ സൂപ്പർവൈസർ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു പണംതട്ടിയ കേസിൽ മധ്യവയസ്കനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തുമ്പോളിൽ വീട്ടിൽ തോമസ് ജോൺ (52) ആണ് പിടിയിലായത്. ഓഫർ ലെറ്റർ കാണിച്ച് 2022 സെപ്റ്റംബർ 28ന് പ്രതി പരാതിക്കാരിയിൽനിന്ന്3,50,000 കൈപ്പറ്റി. എന്നാൽ, വിസ തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ അഞ്ചൽ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം സ്പെഷൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് ഇയാളെ കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രതിക്ക് തിരുവല്ല, പോത്താനിക്കാട്, അഞ്ചൽ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന് കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോയിപ്രം പൊലീസ് ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ ഷൈജു, എസ്.സി.പി.ഒ ജോബിൻ ജോൺ, സി.പി.ഒ ശരത് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
പത്തനംതിട്ട: മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുകയും നിരന്തരമായി ഉപദ്രവിക്കുകയും ചെയ്യുന്ന മകനെ ഭയന്ന് സഹോദരന്റെ വീട്ടിൽ അഭയം തേടിയ പിതാവിനെയും സംരക്ഷണം നൽകിയ ജ്യേഷ്ഠനെയും വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ.ചിറ്റാർ സീതത്തോട് കോട്ടമൺപാറ അള്ളുങ്കൽ പാറയിൽ വീട്ടിൽ അനീഷ് തോമസ് (37) ആണ് ചിറ്റാർ പൊലീസിന്റെ പിടിയിലായത്.പിതാവ് പി.എം തോമസ് (65), ജ്യേഷ്ഠൻ പി.എം വർഗീസ് (78) എന്നിവർക്കാണ് ഇയാളുടെ മർദനമേറ്റത്. മദ്യപിച്ച് വർഗീസിന്റെ സീതത്തോട് അള്ളുങ്കൽ പാറയിൽ വീട്ടിൽ അതിക്രമിച്ചകയറി ഇദ്ദേഹത്തെയും അനീഷിന്റെ പിതാവ് തോമസിനെയും കൈയിൽ കരുതിയ കല്ലുകൊണ്ടും പട്ടികക്കഷ്ണം കൊണ്ടും ഉപദ്രവിക്കുകയായിരുന്നു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞുമായിരുന്നു മർദനം. വർഗീസിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ചിറ്റാർ പൊലീസ് പ്രതിയെ പിടികൂടി. മദ്യപിച്ചെത്തി സ്ഥിരമായി വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് കാരണം ഒരുമാസമായി തോമസ് സഹോദരൻ വർഗീസിന്റെ വീട്ടിലാണ് താമസം. അനീഷിന്റെ 12 വയസ്സുള്ള മകളും ഇയാളെ പേടിച്ച് ഈ വീട്ടിലാണ് കഴിയുന്നത്.ഇയാളുടെ ഭാര്യ കുവൈത്തിൽ നഴ്സ് ആണ്. ഇയാളുടെ മാതാവ് സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. പൊലീസ് ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എസ്.ഐ ബെയ്സിലാണ് കേസ് അന്വേഷണം നടത്തുന്നത്.
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചുകയറി പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും 50,000 രൂപ പിഴയും.നെടുമ്പ്രം വാട്ടർ ടാങ്കിന് സമീപം തുണ്ടിയിൽ വീട്ടിൽ ലാലച്ചനാണ് (49) ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി.പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.
പത്തനംതിട്ട: ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ച കാപ്പ കേസിലെ പ്രതി അറസ്റ്റിൽ. കുമ്പഴ നാൽക്കാലിപ്പടി തോണ്ടിയാനിക്കുഴി സഞ്ജുവിനെയാണ് (23) പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ആർ.വി. അരുൺ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന്, 2023 സെപ്റ്റംബർ 25 ന് ഇയാളെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇവിടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.