പത്തനംതിട്ട: വടശ്ശേരിക്കരയിലെ സംഗീതിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന്, ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഗീതിന്റെ മാതാവ് ജെസി പറഞ്ഞു. ഈമാസം ഒന്നിന് കാണാതായ സംഗീതിന്റെ മൃതദേഹം 17ന് തീയതി പമ്പാനദിയിൽനിന്നാണ് കണ്ടുകിട്ടിയത്.
കേസ് അന്വേഷിക്കുന്ന മലയാലപ്പുഴ പൊലീസ്, തങ്ങൾക്ക് സംശയമുള്ള മകന്റെ സുഹൃത്ത് പ്രദീപിനെ വേണ്ടരീതിയിൽ ചോദ്യം ചെയ്തില്ലെന്നാണ് മാതാാവിന്റെ ആരോപണം. കാണാതാകുന്ന ദിവസം സംഗീത് പ്രദീപിനോടൊപ്പമാണ് പോയത്. സംഗീത് തോട്ടിൽ വീണതാകാം എന്നാണ് സുഹൃത്ത് പ്രദീപ് പൊലീസിൽ മൊഴി നൽകിയത്. ഈ മൊഴിയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലേ യഥാർഥ്യം പുറത്തുവരൂ എന്നുമാണ് ജെസി പറയുന്നത്.
സംഗീതും സുഹൃത്ത് പ്രദീപും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ച് കണ്ടെത്തണം. സി.സി ടി.വി ദൃശ്യത്തിൽ ഓട്ടോറിക്ഷയുടെ മുൻ സീറ്റിൽ രണ്ടുപേർ ഇരിക്കുന്നത് വ്യക്തമാണെന്നും ജെസി പറഞ്ഞു.2023 ഒക്ടോബർ ഒന്നിനാണ് പത്തനംതിട്ട തലച്ചിറ സ്വദേശി 24 വയസ്സുള്ള സംഗീതിനെ കാണാതായത്. സുഹൃത്തും അയൽവാസിയുമായ പ്രദീപിനോടൊപ്പം സംഗീത് ഓട്ടോറിക്ഷയിൽ വടശ്ശേരിക്കരക്ക് സമീപം ഇടത്തറയിൽ കടയിൽ എത്തിയതായി വ്യക്തമാണ്. സമീപത്തെ തോട്ടിലേക്ക് സംഗീത് വീണു എന്നാണ് സംശയമെന്ന് പ്രദീപ് പൊലീസിന് മൊഴിനൽകി. ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും സംഗീതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. തോടിന് സമീപത്തുനിന്ന് വലിയ ശബ്ദം താൻ കേട്ടതായും തിരച്ചിൽ നടത്തിയിട്ട് ആളെ കണ്ടെത്താനായില്ലെന്നും കടയുടമ എബ്രഹാം മാത്യു പറഞ്ഞു. സംഗീത് തോട്ടിൽ വീണത് താൻ കണ്ടിട്ടില്ലെന്നും ഒഴുകിപ്പോയതായി സംശയിക്കുന്നുണ്ടെന്നും പ്രദീപ് പറഞ്ഞു. സംഗീതിന്റെ മൊബൈൽ ഫോൺ പ്രദീപിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. മകന് നീന്താൻ നല്ല വശമുണ്ടെന്നും തോട്ടിൽ വീണ് മകനെ കാണാതായെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് സംഗീതിന്റെ അമ്മ പറയുന്നത്.
17 ദിവസത്തിനിപ്പുറം കിലോമീറ്ററുകൾ അകലെയുള്ള ആറന്മുള സത്രക്കടവിലാണ് സംഗീതിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിട്ടുമ്പോൾ കൈകാലുകൾക്ക് ഒടിവ് ഉണ്ടായിരുന്നു. വെള്ളത്തിൽ തലയടിച്ചു വീണ പരിക്കുകളില്ല. മുഖത്തും നെറ്റിയിലുമായിരുന്നു മുറിവുകള്‍. ഇതെല്ലാം സംശയങ്ങളായി കുടുംബം ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.