പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘവും ദേവസ്വം ബോർഡും സംയുക്തമായി നടത്തുന്ന പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഒരുങ്ങി പള്ളിയോട കരകൾ. റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ 52 പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. 13നാണ് വള്ളസദ്യക്ക് തുടക്കമാകുന്നത്. ഇതോടെ ക്ഷേത്രപരിസരവും പമ്പാനദി തീരങ്ങളും വഞ്ചിപ്പാട്ടിന്റെ ഈരടികളാൽ മുഖരിതമാവും.
ആദ്യദിനമായ 13ന് ഏഴ് പള്ളിയോടങ്ങൾ വള്ളസദ്യയിൽ പങ്കെടുക്കും. 15 സദ്യ കരാറുകാരാണ് ഇപ്രാവശ്യം സദ്യ ഒരുക്കുന്നത്. ക്ഷേത്രത്തിനകത്തും പുറത്തുമായി 15 സദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. വള്ളസദ്യ പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതുവരെ 400 സദ്യകൾ ബുക്ക് ചെയ്തുകഴിഞ്ഞു. സദ്യ ഒരുക്കങ്ങൾ പൂർത്തിയായതായി ഫുഡ് കമ്മിറ്റി കൺവീനർ എം.കെ. ശശികുമാർ കുറുപ്പ് പറഞ്ഞു. സ്പെഷൽ പാസ് സദ്യകൾ, കെ.എസ്.ആർ.ടി.സി സദ്യ എന്നിവ പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ വിവിധ പള്ളിയോടങ്ങൾ നീരണിയാനും തയാറെടുക്കുകയാണ്. ഉമയാറ്റുകര, മാലക്കര, ളാക - ഇടയാറൻമുള പള്ളിയോടങ്ങൾ പണികൾ തീർത്ത് നീരണിയാൻ തയാറെടുക്കുന്നു. മേലുകര, ആറാട്ടുപുഴ, ഓതറ കുന്നേക്കാട് പള്ളിയോടങ്ങളുടെ പണികൾ നടന്നുവരികയാണ്. ആഗസ്റ്റ് ആദ്യവാരം ഇവ നീരണിയും. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ നേതൃത്വത്തിൽ ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പ്രത്യേക യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. 400 ട്രിപ്പുകൾ ലക്ഷ്യമിടുന്നതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.