അബാൻ ജങ്ഷനിൽ മേൽപ്പാലം നിർമ്മാണത്തിന്‍റെ പൈലിങ് ജോലികൾ നടക്കുന്നു
പത്തനംതിട്ട: അബാൻ മേൽപാലവുമായി ബന്ധപ്പെട്ട് പൈലിങ് പുരോഗമിക്കുന്നു. ഇപ്പോൾ അബാൻ ജങ്ഷന് സമീപമാണ് പൈലിങ് നടക്കുന്നത്. 92 എണ്ണത്തിൽ 46 പൈലിങ് ഇതുവരെ പൂർത്തിയായിട്ടുണ്ട്. നിലവിൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ നടക്കുകയാണ്. 18 മാസമാണ് മേൽപാലം പൂർത്തിയാക്കാനുള്ള കാലാവധി. ഇത് 2023 ജൂണിൽ അവസാനിക്കും. ഇരുവശത്തെയും അഞ്ചര മീറ്റർ സർവിസ് റോഡ് നാലര മീറ്ററായി കുറക്കണമെന്ന് തീരുമാനിച്ചതിനാൽ അത് എസ്റ്റിമേറ്റിനായി നൽകിയിരിക്കുകയാണിപ്പോൾ. സ്ഥലമേറ്റെടുപ്പ് കഴിഞ്ഞാൽ മാത്രമേ നിർമാണം പൂർത്തിയാക്കാൻ കഴിയൂ. 611.8 മീറ്ററാണ് മേൽപാതയുടെ മാത്രം നീളം.
മേൽപാലം പണിയെത്തുടർന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, അബാൻ ജങ്ഷനിൽ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട് വലത്തേക്കുള്ള റോഡിൽ ഒരുഭാഗം അടച്ച് ഏർപ്പെടുത്തിയ നിയന്ത്രണം ഒരുവിഭാഗം സ്വകാര്യബസുകൾ ലംഘിക്കുന്നതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്. കുമ്പഴ ഭാഗത്തുനിന്നുള്ള സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾക്ക് അബാൻ ജങ്ഷനിൽനിന്ന് വലത്തേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
നഗരസഭ ബസ്സ്റ്റാൻഡിലേക്ക് റിങ് റോഡ്, സെന്റ് പീറ്റേഴ്‌സ് ജങ്ഷൻവഴി പോകാനാണ് നിർദേശം. സ്റ്റേഡിയം ജങ്ഷനിൽനിന്നോ അഴൂർ റോഡിൽനിന്നോ വലത്തേക്കു തിരിഞ്ഞെത്തുന്ന ചില സ്വകാര്യ ബസുകളാണ് നിയന്ത്രണം ലംഘിക്കുന്നത്. ടൗണിലൂടെ വരേണ്ട ഈ ബസുകൾ റിങ് റോഡുവഴി അബാൻ ജങ്ഷനിൽനേരെ സ്റ്റാൻഡിലേക്കു പോകാൻ ശ്രമിക്കുന്നതോടെയാണ് ഗതാഗതം കുരുങ്ങുന്നത്.
ഒറ്റവരി ഗതാഗതം മാത്രമുള്ള റോഡിൽ ഒരു ഭാഗത്ത് ട്രാഫിക് സിഗ്‌നൽ കാത്ത് വാഹനങ്ങൾ കിടക്കുമ്പോഴാണ് ബസുകൾ നിയന്ത്രണം ലംഘിച്ച് കടന്നുവരുന്നത്. റോഡിലെ പണികാരണം വലതുവശം പൂർണമായി അടച്ചിരിക്കുകയാണ്. അടൂർ, പന്തളം, വാഴമുട്ടം, പ്രമാടം ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾക്ക് സെന്റ് പീറ്റേഴ്‌സ് ജങ്ഷൻ, കലക്ടറേറ്റ്, ജനറൽ ആശുപത്രി, പഴയ സ്റ്റാൻഡ് വഴി മുനിസിപ്പൽ സ്റ്റാൻഡിലേക്കാണ് പെർമിറ്റ്. ഇതു ലംഘിച്ച് പലപ്പോഴും ബസുകൾ റിങ് റോഡ് വഴിയാണ് യാത്ര ചെയ്യുന്നത്.
കലക്ടറേറ്റ്, ജനറൽ ആശുപത്രി, സെൻട്രൽ ജങ്ഷൻ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരെ റിങ് റോഡിൽ ഇറക്കിവിടുകയാണ് പതിവ്. അബാൻ ജങ്ഷനിലെ നിയന്ത്രണം കാരണം സെന്റ് പീറ്റേഴ്‌സ് ജങ്ഷനിൽനിന്ന് മൈലപ്ര ഭാഗത്തേക്കുള്ള മറ്റു വാഹനങ്ങൾ മേലെവെട്ടിപ്രം, താഴെ വെട്ടിപ്രം റിങ് റോഡിലൂടെ പോകാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.