പത്തനംതിട്ട: നരിയാപുരത്ത് പാറമടയുടെ ചെങ്കുത്തായ വശത്ത് കുടുങ്ങിയ യുവാവിനെ പത്തനംതിട്ട അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. നരിയാപുരം തുണ്ടത്തിൽ വടക്കേതിൽ മോഹനൻ മകൻ ഷാനുവാണ്(27) പമ്പുക്കുഴി പാറമടയിൽ കുടുങ്ങിയത്. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. തുടർന്ന് അഗ്നി രക്ഷാസേന പുതുതായി ആരംഭിച്ച മൗണ്ടൻ റെസ്ക്യൂ ടീം ഉടൻ സ്ഥലത്തെത്തി. ചെങ്കുത്തായ പാറമടയുടെ വശത്തുനിന്നും ഷാനുവിനെ റെസ്ക്യൂ റോപ്പ് ഉൾപ്പെടെ ഉപകരണങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രമാകാന്ത്, രഞ്ജിത്ത്, ഷൈജു എന്നിവർ റോപ്പിൽ താഴേക്ക് ഇറങ്ങിച്ചെന്ന് ഷാനുവിനെ റോപ്പിൽ ബന്ധിപ്പിച്ച് മുകളിലേക്ക് എത്തിച്ചു. മുകളിൽ നിന്നും ഏകദേശം 30 അടിയോളം താഴേക്ക് ഇറങ്ങിയ ഷാനു ചവിട്ടി നിൽക്കാൻ പറ്റുന്ന ഭാഗത്ത് പിടിച്ചു നിന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ദുർഘടം പിടിച്ച വഴിയിലൂടെ ഒരു കിലോമീറ്ററോളം നടന്നാണ് രക്ഷാ പ്രവർത്തകർ സ്ഥലത്ത് എത്തിയത്. ഷാനു മാനസിക അസ്വാസ്ഥ്യം നേരിടുന്നയാൾ ആണെന്ന് ബന്ധുക്കൾ അറിയിച്ചു.
സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എ. സാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. രഞ്ജിത്ത് , ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രവീൺ കുമാർ, അഞ്ജു, അനിൽകുമാർ, രാജശേഖരൻ നായർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.