പത്തനംതിട്ട: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത ജില്ലയിലെ 3552 കുടുംബങ്ങൾ മുൻഗണന വിഭാഗത്തിൽനിന്ന് പുറത്ത്. മുൻഗണന വിഭാഗം (പി.എച്ച്.എച്ച്) -3167, അന്ത്യോദയ അന്നയോജന (എ.എ.വൈ) -351, പൊതുവിഭാഗം സബ്സിഡി (എൻ.പി.എസ്) -34 എന്നിങ്ങനെയാണ് റേഷൻ വാങ്ങാത്ത കുടുംബങ്ങളുടെ എണ്ണം. ഈ കാർഡുകളെല്ലാം പൊതുവിഭാഗത്തിലേക്ക് (മുൻഗണനേതര വിഭാഗം എൻ.പി.എൻ.എസ്) മാറ്റി. ഇവർക്ക് പകരം മറ്റ് വിഭാഗങ്ങളിലെ അർഹതപ്പെട്ടവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയും ആരംഭിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പുറത്തായിട്ടുള്ളത് കോന്നി താലൂക്കിൽനിന്നാണ്. ഇവിടെ റേഷൻ വാങ്ങാത്ത 739 കുടുംബങ്ങളാണ് പൊതുവിഭാഗത്തിലായത്. അതേസമയം, റാന്നി, കോന്നി താലൂക്കുകളിലെ എൻ.പി.എസ് വിഭാഗക്കാരിൽ ഒരാൾപോലും പുറത്താകൽ പട്ടികയിലില്ല.
ആനുകൂല്യങ്ങളുള്ള കാർഡ് കൈവശംവെക്കുകയും സ്ഥിരമായി റേഷൻ വാങ്ങാതിരിക്കുകയും ചെയ്തവരുടെ പട്ടിക തയാറാക്കിയാണ് മുൻഗണന വിഭാഗത്തിൽനിന്ന് നീക്കിയത്. സബ്സിഡികൾക്ക് അർഹതയുണ്ടായിട്ടും റേഷൻ വാങ്ങാത്തവർ ആവശ്യക്കാരല്ലെന്ന വിലയിരുത്തലിലാണ് നടപടി. ഇതിൽ പരാതിയുള്ളവർക്ക് സിവിൽ സപ്ലൈസ് വകുപ്പിനെ സമീപിക്കാം. കൃത്യമായ കാരണം കാട്ടി സിവിൽ സപ്ലൈസ് വകുപ്പിന് അപേക്ഷ നൽകിയാൽ ഇവരുടെ കാർഡുകൾ പുനഃസ്ഥാപിക്കും. രോഗങ്ങൾ അടക്കമുള്ള ബുദ്ധിമുട്ടുകൾമൂലം വാങ്ങാൻ കഴിയാത്തവർക്കും ഇക്കാര്യം കാട്ടി വകുപ്പിന് അപേക്ഷ നൽകാം.
ഒഴിവാക്കിയവർക്ക് പകരമായി ജില്ലയിൽ മുന്‍ഗണന റേഷൻ കാർഡിന് അപേക്ഷയും സ്വീകരിച്ചുതുടങ്ങി. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത പൊതുവിഭാഗം റേഷന്‍ കാര്‍ഡ് (വെള്ള, നീല) മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുളള അപേക്ഷ ജൂണ്‍ 15വരെ അക്ഷയകേന്ദ്രം വഴിയോ പൊതുവിതരണ വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
അന്ത്യോദയ അന്നയോജന (എ.എ.വൈ): കാർഡിന് 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. രണ്ട് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ഒരുകിലോ പഞ്ചസാര 27രൂപക്കും ലഭിക്കും. മുൻഗണന വിഭാഗം (പി.എച്ച്.എച്ച്): കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽനിന്ന് മൂന്ന് കിലോ കുറച്ച്, പകരം മൂന്ന് പാക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ ലഭിക്കും)
പൊതുവിഭാഗം സബ്സിഡി (എൻ.പി.എസ്): കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അധിക വിഹിതമായി മൂന്ന് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും പൊതുവിഭാഗം: കാർഡിന് ആറ് കിലോ അരി കിലോക്ക് 10.90രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സ്ഥാപനം: കാർഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.