പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ വെടിവെച്ച് കൊന്നത് 157 കാട്ടുപന്നികളെ. 2022 മേയ് 31 മുതൽ കഴിഞ്ഞമാസം 18 വരെയുള്ള കണക്കാണിത്. കൃഷിയിടങ്ങളിൽ എത്തിയവയാണ് ഇതിൽ കൂടുതൽ. ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകിയതോടെയാണ് പഞ്ചായത്തുകൾ പ്രത്യേകമായി ഷൂട്ടർമാരെ നിയോഗിച്ച് ശല്യംവിതക്കുന്നവയെ കൊന്ന് തുടങ്ങിയത്.
ജനവാസ മേഖലയിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ലൈസൻസുള്ള ഷൂട്ടർക്ക് ഒരു കാട്ടുപന്നിയെ കൊല്ലാൻ ഓണറേറിയമായി 1500 രൂപയും മറവ് ചെയ്യുന്നതിന് 2000 രൂപ വീതവും അനുവദിക്കാനും തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർപേഴ്സൻ, കോർപറേഷൻ മേയർ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായും പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ സെക്രട്ടറിമാരെ അധികാരപ്പെട്ട ഓഫിസർമാരായും നിയോഗിച്ചിരുന്നു. ഇവരാണ് കാരണങ്ങൾ രേഖപ്പെടുത്തി കൊല്ലാൻ ഉത്തരവിടേണ്ടത്.
ശല്ല്യം രൂക്ഷം
കൃഷിയിടങ്ങളിലെത്തിയ 157 കാട്ടുപന്നികളെ കൊന്നെങ്കിലും ജില്ലയിൽ ഇപ്പോഴും പന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നിയുടെ ആക്രമണത്തെതുടർന്ന് നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചിരുന്നു. നേരത്തെ വനാതിർത്തിയോട് ചേർന്ന ഭാഗങ്ങളിലായിരുന്നു ശല്യമെങ്കിൽ ഇപ്പോൾ നഗരങ്ങളിലടക്കം പന്നികൾ എത്തുന്നു. വനാതിർത്തികളിൽനിന്ന് കിലോമീറ്ററുകൾ അകലെ അപ്പർകുട്ടനാടൻ മേഖലകളിൽവരെ ഇവ എത്തുന്നതായി നാട്ടുകാർ പറയുന്നു.
ഏക്കർ കണക്കിന് സ്ഥലത്തെ വിളകളാണ് ഇവ കുത്തിമറിച്ചിട്ട് നശിപ്പിച്ചിരിക്കുന്നത്. ഏത്തവാഴ, കപ്പ എന്നിവ നശിപ്പിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. കാടുമൂടിയ തോട്ടങ്ങളിൽ പകൽസമയങ്ങളിൽ പതുങ്ങികഴിയുന്ന ഇവ രാത്രിയോടെ കൃഷിയിടങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
നെല്ലിക്കാല, കോഴഞ്ചേരി, തിരുവല്ല, റാന്നി, ചിറ്റാർ, സീതത്തോട്, പന്തളം, അടൂർ, ആറന്മുള, മല്ലപ്പള്ളി, വടശ്ശേരിക്കര, കോന്നി, കൊടുമൺ, അതുമ്പുക്കുളം, കല്ലേലി എന്നിവിടങ്ങളിൽ ശല്യം രൂക്ഷമാണ്. ജില്ലയുടെ പല ഭാഗങ്ങളിലും പകൽസമയത്ത് പോലും ജനങ്ങൾ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ കാട്ടുപന്നികൾ അഞ്ച് ജീവനുകളാണ് കവർന്നെടുത്തത്. നൂറിലേറെ ആളുകൾക്ക് പരിക്കേറ്റു.
കാട്ടുപന്നികൾ ആക്രമിക്കുകയും വാഹനങ്ങൾക്ക് കുറുകെ ചാടുകയും ചെയ്താണ് അപകടങ്ങളെല്ലാം സംഭവിച്ചത്. നേരത്തെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറിയിരുന്നു. അടുത്തിടെ, ആറന്മുളയിൽ പട്ടാപ്പകൽ വയോധികനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. റോഡിലൂടെ നടന്നുപോയ വൃദ്ധനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ചന്ദനപ്പള്ളിയിൽ പട്ടാപ്പകൽ കാട്ടുപന്നി കടയുടെ വാതിൽ തകർക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.