പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികിത്സ 23 മുതല്‍

വടശ്ശേരിക്കര: പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികിത്സ ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ ആലോചിക്കാൻ​ പ്രമോദ് നാരായണ്‍ എം.എൽ.എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. 23 മുതലാണ് ഇവിടെ കിടത്തിച്ചികിത്സ ആരംഭിക്കുന്നത്. പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2.15 കോടിയുടെ പദ്ധതി എന്‍.എച്ച്.എം വഴി നടപ്പാക്കുമെന്ന് എം.എല്‍.എ അറിയിച്ചു. അടിയന്തരമായി 35 ലക്ഷം രൂപ ​ചെലവഴിച്ച് ഒ.പി നവീകരിക്കും. ആശുപത്രിയിലെ ജലവിതരണം സുഗമമാക്കും. ബ്ലോക്ക് പഞ്ചായത്ത് ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും ഇവിടെ നിയമിക്കും. കിടത്തിച്ചികിത്സക്ക്​ ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ പെരുനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കും. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ കെ.എസ്. ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ ഡി. ശ്രീകല, ഡി.പി.എം ഡോ. ശ്രീകുമാർ, മെഡിക്കൽ ഓഫിസർ ചിഞ്ചുറാണി, എസ്. ഹരിദാസ്, റോബിൻ കെ. തോമസ് എന്നിവർ സംസാരിച്ചു. എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം പത്തനംതിട്ട: മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സങ്കീർണതകളിലേക്കും മരണത്തിലേക്കും പോകാൻ സാധ്യതയുണ്ട്. വെള്ളംകയറിയ പ്രദേശത്തുള്ളവരും മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. ഡോക്‌സി സൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. ഒരു കാരണവശാലും സ്വയംചികിത്സക്ക് മുതിരരുതെന്നും ഡി.എം.ഒ പറഞ്ഞു. ---------------------- മികച്ച കർഷകരെ ആദരിക്കും മൈലപ്ര: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലുളള മികച്ച കർഷകരെ കർഷക ദിനത്തിൽ ആദരിക്കും. അപേക്ഷകൾ 10ന് കൃഷിഭവനിൽ സമർപ്പിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ------------------- ടൈപ്പിസ്റ്റ് നിയമനം റാന്നി: ട്രൈബൽ ഡെവലപ്‌മെന്റ് ഓഫിസിൽ നിലവിലെ ടെപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാൻ പി.എസ്.സി നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ്​ ഒമ്പത്. ഫോൺ: 04735 227703. ---------------------- അവലോകന യോഗം വള്ളിക്കോട്: ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ ടീമിന്റെ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങൾ, സ്ഥാപന മേധാവികൾ, വില്ലേജ് ഓഫിസർ, കെ.എസ്.ഇ.ബി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ, റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു. അച്ചന്‍കോവിലാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. കണ്‍ട്രോള്‍ റൂം നമ്പർ: 9496042678, 9496042679, 8547611112, 9446984273. ------------------------ ഐ.ടി.ഐ പ്രവേശനം പന്തളം: പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐ.ടി.ഐയില്‍ 2022 വര്‍ഷത്തെ പ്രവേശനം ആരംഭിച്ചു. രണ്ടുവര്‍ഷ ട്രേഡുകളായ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍, ഒരുവര്‍ഷ ട്രേഡായ പ്ലംബര്‍ കോഴ്‌സുകളിലേക്ക് www.scdd.kerala.gov.in/www.scdditiadmission.kerala.gov.in എന്നീ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. ഫോണ്‍: 04734 292829, 9496546623, 9446444042.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.