ഇരവിപേരൂരിൽ 1670 കിണറുകൾ ശുദ്ധീകരിക്കാൻ പദ്ധതി

ഇരവിപേരൂർ: കരകവിഞ്ഞ മണിമലയാർ മുക്കിയ ഇരവിപേരൂർ പഞ്ചായത്തിലെ 1670 കിണറുകൾ പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ശുദ്ധീകരിക്കും. ഇതിനായി 20 ലക്ഷം രൂപയുടെ പദ്ധതിക്ക്​ പഞ്ചായത്ത് രൂപം നൽകി. ഉരുൾപൊട്ടിയ മലവെള്ളത്തോടൊപ്പം എത്തിയ ചളിയും മണ്ണും വീണ് മിക്ക കിണറുകളും ഉപയോഗശൂന്യമായി. 1670 കിണറുകൾ ശുദ്ധീകരിക്കാതെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. മിക്കവരും വെള്ളം വിലകൊടുത്തു വാങ്ങിയാണ്​ ഉപയോഗിക്കുന്നത്​. വെള്ളം കയറാത്ത കിണറുകളിൽനിന്ന്​ കോരി ഉപയോഗിക്കുന്നവരുമുണ്ട്. പഞ്ചായത്തിലെ ജനങ്ങൾ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് അടിയന്തരമായി കിണറുകൾ ശുദ്ധീകരിക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ കെ.ബി. ശശിധരൻപിള്ള പറഞ്ഞു. കിണറുകളിൽ ഇപ്പോഴുള്ള വെള്ളം വറ്റിച്ച്​ ചളിയും മണ്ണും നീക്കി ക്ലോറിനേഷൻ നടത്തും. നൂറോളം കിണറുകൾ തകർന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇവ സംരക്ഷിക്കാൻ ഒരു കിണറിനു 6000രൂപ നിരക്കിൽ സഹായം നൽകും. ഓരോ വാർഡിലും പഞ്ചായത്ത്​ അംഗത്തി​ൻെറയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ശുദ്ധീകരണം നടത്തുക. ഒരുകിണറിന് 1500 രൂപവരെ ചെലവാക്കുന്നതാണ് പദ്ധതി. മൂന്ന്​, ഏഴ്​, 11വാർഡുകൾ ഒഴികെയുള്ള 14 വാർഡിലും വെള്ളം കയറിയിരുന്നു. ശുദ്ധീകരണത്തിന്​ ശനിയാഴ്ച തുടക്കമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.