തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ കിസാന്‍ മേള

പത്തനംതിട്ട: തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, പത്തനംതിട്ട ആത്മ, തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കിസാന്‍ മേള സംഘടിപ്പിച്ചു. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. തെങ്ങിന്റെ സൂക്ഷ്മ വളക്കൂട്ടായ കൽപവര്‍ധിനിയുടെ വിപണനോദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. കൃഷി വിജ്ഞാനകേന്ദ്രം തെള്ളിയൂരിന്റെ വാര്‍ത്തപത്രികയുടെ പ്രകാശനം പ്രമോദ് നാരായണ്‍ എം.എല്‍.എ നിര്‍വഹിച്ചു. ആത്മ സീനിയര്‍ സൂപ്രണ്ട്​ എം.ജി. ദിലീപിന്റെ നേതൃത്വത്തില്‍ യോഗ ക്ലാസുകള്‍ നടത്തി. മേളയുടെ ഭാഗമായി ദേശീയ അവാര്‍ഡിന് അര്‍ഹനായ റജി ജോസഫ്, സംസ്ഥാന അവാര്‍ഡ് ജേതാക്കളായ പ്രിയ പി. നായര്‍, ജേക്കബ് ജോസഫ്, മാധവന്‍, ജയലക്ഷ്മി എന്നിവരെ ആദരിച്ചു. --- ജലനിര്‍ഗമന മാര്‍ഗങ്ങൾ ശുദ്ധീകരിക്കുന്നു പത്തനംതിട്ട: നഗരത്തിലെ ജലനിര്‍ഗമന മാര്‍ഗങ്ങൾ ശുദ്ധീകരിക്കുന്ന പദ്ധതി രണ്ടാം വാര്‍ഡിലെ അഞ്ചക്കാലയില്‍ നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പ്രധാന കുടിവെള്ളസ്രോതസ്സാണ് അച്ചന്‍കോവിലാര്‍. നഗരസഭ പ്രദേശത്തെ അച്ചന്‍കോവിലാറിന്റെ ഭാഗങ്ങളും ആറ്റിലേക്ക് എത്തിച്ചേരുന്ന തോടുകളും ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കൗണ്‍സില്‍ രൂപം നല്‍കിയത്. മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളും തൊഴിലുറപ്പ് തൊഴിലാളികളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട നഗരസഭയിലൂടെ കടന്നുപോകുന്ന അച്ചന്‍കോവിലാറിന്റെ തീരപ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കം ചെയ്യുന്നതിനൊപ്പം മുനിസിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പ്രധാന തോടുകളായ കോറ്റന്‍തോട്, കണ്ണങ്കര തോട്, കുമ്പഴ തോട്, ഞവര തോട് എന്നിവ ഉള്‍പ്പെടെ പത്തു കിലോമീറ്ററിലധികം ദൂരം മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. അനീഷ്​ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.