ജില്ലയിലെ വനഭൂമി പ്രശ്‌നം: ഉന്നതതല യോഗം ചേരും -മന്ത്രി കെ.രാജന്‍

പത്തനംതിട്ട: ജില്ലയിലെ വനഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉന്നതതലയോഗം ജൂണില്‍ ചേരുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിസഭ വാര്‍ഷികത്തിന്‍റെയും രണ്ടാമത് നൂറുദിന കര്‍മപരിപാടിയുടെയും ഭാഗമായി നടത്തിയ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനഭൂമിയുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലയിലെ എം.എല്‍.എമാരെയും ഉള്‍പ്പെടുത്തി മന്ത്രി വീണ ജോര്‍ജിന്‍റെ സാന്നിധ്യത്തിലായിരിക്കും ഉന്നതതലയോഗം ചേരുക. അര്‍ഹതയുള്ളവരെ ഭൂമിയുടെ ഉടമകളാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനോപ്പം അനര്‍ഹമായി ഭൂമി കൈവശംവെച്ചിരിക്കുന്നവരില്‍നിന്ന് അത് തിരിച്ചുപിടിക്കാനുള്ള നടപടിയും സ്വീകരിക്കും. കൂടാതെ, റവന്യൂ വകുപ്പിന്‍റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുമെന്നും ഒരുവര്‍ഷത്തിനുള്ളില്‍ ജില്ലയെ ഇ-ജില്ലയാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സേവനങ്ങളും ജനസൗഹൃദമാക്കുകയെന്നതാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിച്ച മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ് നിര്‍മിച്ച് നല്‍കിയിട്ടുള്ള ആറ് വീടുകളുടെ താക്കോല്‍ദാനം നടത്തി. റാന്നി താലൂക്കില്‍ 82 എല്‍.എ പട്ടയങ്ങളും ഒമ്പത്​ എല്‍.ടി പട്ടയങ്ങളും ഉള്‍പ്പെടെ 91 പട്ടയങ്ങളാണ് വിതരണം ചെയ്തത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ്​ രാജു നെടുവംപുറം, ജനതാദള്‍ എസ് ജില്ല പ്രസിഡന്‍റ്​ അലക്സ് കണ്ണമ്മല, എന്‍.സി.പി ജില്ല പ്രസിഡന്‍റ്​ എം. മുഹമ്മദ് സാലി, കേരള കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്‍റ്​ ബി.ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ല പ്രസിഡന്‍റ്​ നിസാര്‍ നൂര്‍മഹല്‍, എ.ഡി.എം അലക്സ് പി. തോമസ് എന്നിവര്‍ പങ്കെടുത്തു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫോട്ടോ PTL 16 PATTAYAMELA പത്തനംതിട്ടയിലെ പട്ടയമേള മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ PTL 18 PATTAYAM RAJAMMA പട്ടയമേളയില്‍ മന്ത്രി കെ. രാജന്‍ രാജമ്മ ചെല്ലപ്പന് പട്ടയം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.