കോഴഞ്ചേരി: കോഴഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് ശമനമില്ലാതെ തുടരുന്നു. പരിഹരിക്കാൻ ആരും മുന്നിട്ടിറങ്ങുന്നുമില്ല. ഗതാഗതം തടസ്സപ്പെട്ടാൽ മാരാമൺ മുതൽ തെക്കേമല വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് കാണുക. ഒരുമണിക്കൂർവരെ മിക്കപ്പോഴും കോഴഞ്ചേരി പാലത്തിൽ ഗതാഗതക്കുരുക്കാണ്. കോയിപ്രം, ആറന്മുള പൊലീസുകാരാണ് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കേണ്ടത്. ഉത്തരവാദിത്തമുള്ള കോഴഞ്ചേരി, കോയിപ്രം പഞ്ചായത്തുകളും കൈമലർത്തുന്നു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ പ്രധാന ടൗണാണ് കോഴഞ്ചേരി. ആംബുലൻസുകൾക്കുപോലും പലപ്പോഴും സുഗമമായി കടന്നുപോകാൻ കഴിയുന്നില്ല. ടൗണിലെ വീതികുറഞ്ഞ റോഡിനിരുവശത്തുമുള്ള പാർക്കിങ്ങും വൺവേ തെറ്റിച്ചുള്ള വാഹനങ്ങളുടെ പാച്ചിലും മൂലം കാൽനടപോലും അസാധ്യമായി. പാലത്തിന്‍റെ ഇരുകരകളിലും പൊലീസ് സേവനം ലഭ്യമായാൽ കുരുക്കിന് ഒരുപരിധിവരെ സഹായകമാകും. എന്നാൽ, കോഴഞ്ചേരി കര ആറന്മുള പൊലീസ് സ്റ്റേഷന്‍റെ കീഴിലും മറുഭാഗം കോയിപ്രം പൊലീസ് സ്റ്റേഷന്‍റെ കീഴിലുമാണ്. ഈ രണ്ടു സ്റ്റേഷനുകളും പത്തനംതിട്ട, തിരുവല്ല പൊലീസ് സബ് ഡിവിഷനുകളിലാണ്. അതുകൊണ്ടുതന്നെ പൊലീസിന്‍റെ ഏകീകൃതമായ സേവനം ലഭ്യമാകുന്നില്ല. ജില്ല പൊലീസ് മേധാവി ഇടപെട്ട് രണ്ടു സ്റ്റേഷനുകളിലെയും പൊലീസിനെ ഉൾപ്പെടുത്തി ഇരുകരകളിലും സേവനം ലഭ്യമാക്കുകയാണ് വേണ്ടതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇല്ലെങ്കിൽ ഇരുകരകളെയും ബന്ധിപ്പിച്ച് സിഗ്നൽ ലൈറ്റ് ഉണ്ടാകണം. മുൻകാലങ്ങളിൽ തിരക്ക് സമയങ്ങളിൽ ജില്ല ആശുപത്രിക്ക് മുന്നിലുള്ള വൺവേ റോഡിലൂടെ ചരക്കുവാഹനങ്ങൾക്ക് യാത്രാനുമതി ഇല്ലായിരുന്നു. ഇപ്പോൾ ഇത്തരം നിയന്ത്രണങ്ങൾ ഒന്നുംതന്നെയില്ല. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പമ്പാനദിക്ക് കുറുകെ പുതുതായി നിർമാണം ആരംഭിച്ച പാലം പണിയും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നിരവധി സ്വകാര്യ, സർക്കാർ ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവ. ഓഫിസുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയുള്ള കോഴഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്കുമൂലം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വലുതാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ടൗൺ കേന്ദ്രീകരിച്ച് ട്രാഫിക് പൊലീസ് യൂനിറ്റ് ഉണ്ടാകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നാളിതുവരെയായി ഒരു നടപടിയും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.