അടൂർ അഗ്​നിരക്ഷാ നിലയത്തിന് പുതിയ മിനി എമർജൻസി വാഹനം

അടൂർ: അടൂർ അഗ്​നിരക്ഷാ നിലയത്തിന്‍റെ പുതിയ മിനി എമർജൻസി വാഹനം (അഡ്വാൻസ് റെസ്ക്യൂ ടെൻഡർ വാഹനം) ഡെപ്യൂട്ടി സ്പീക്കർ ഫ്ലാഗ് ഓഫ് ചെയ്തു. അഗ്​നിരക്ഷാ പ്രവർത്തനത്തിനും അല്ലാതെയും ജീവൻരക്ഷാ ആവശ്യമായ ഉപകരണങ്ങൾ വഹിക്കുന്ന വാഹനമാണിത്. പ്രകൃതി ദുരന്തങ്ങൾ, വാതക ചോർച്ച തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങൾ പുറത്തിറക്കിയത്. വിവിധ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന പല തരത്തിലുള്ള റോപ്പുകൾ, ആറ് ടൺ വരെ ഭാരം ഉയർത്താൻ കഴിയുന്ന വിഞ്ച്, റോഡപകടങ്ങളിലും കെട്ടിടത്തകർച്ചകളിലും ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങൾ, കോൺക്രീറ്റ് ബ്രേക്കർ, വിവിധ തരം ഗോവണികൾ, തടി മുറിക്കാൻ ഉപയോഗിക്കുന്ന ചെയിൻ സോകൾ, രാസവാതക ചോർച്ചകളിലും മറ്റും രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന കെമിക്കൽ സ്യൂട്ട്, വിഷലിപ്തമായ അന്തരീക്ഷത്തിൽ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്ന ശ്വസനോപകരണം എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വാതക ചോർച്ച ഉണ്ടായാൽ അവ തിരിച്ചറിയാൻ സഹായിക്കുന്ന മൾട്ടി ഗ്യാസ് ഡിറ്റക്ടർ, വാതക ചോർച്ച അടക്കാൻ ഉപയോഗിക്കുന്ന ലീക്ക് സീലിങ് കിറ്റ്, 40 മുതൽ 60 ടൺ വരെ ഉയർത്താൻ കഴിയുന്ന ന്യുമാറ്റിക് ലിഫ്റ്റിങ് ബാഗ് എന്നിവയും വാഹനത്തിന്‍റെ സവിശേഷതകൾ ആണ്. ഇവക്കുപുറമെ, ചെറുതും വലുതുമായ ഒട്ടനവധി രക്ഷാ ഉപകരണങ്ങൾ ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭ ചെയർമാൻ ഡി. സജി, വാർഡ് കൗൺസിലർ മഹേഷ്, അഗ്​നിരക്ഷാസേന ഓഫിസർ വിനോദ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. PTL ADR Fire അടൂർ അഗ്​നിരക്ഷാനിലയത്തിൽ ആധുനിക മിനി ടെൻഡർ വാഹനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.