പൊലീസ്​ സ്​റ്റേഷൻ മാർച്ച്​ നടത്തും

പത്തനംതിട്ട: പട്ടികജാതി സഹോദരങ്ങളെ വീടുകയറി ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്​ തിങ്കളാഴ്ച അടൂർ ഡിവൈ.എസ്.​പി ഓഫിസിലേക്ക്​ എസ്​.സി, എസ്​.ടി മോണിറ്ററിങ്​ ഏകോപന സമിതി മാർച്ച്​ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏനാത്ത് പടനിലത്ത് വീട്ടിൽ കുട്ടച്ചൻ( 52) , മോനച്ചൻ( 51) എന്നിവരെ 18ന്​ രാത്രി 10 മണിക്ക്​ ഏനാത്ത് സ്റ്റേഷനിലെ എസ്​.ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചു. ​ക്രൂര മർദനമേറ്റ ഇവർ പിന്നീട്​ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കുട്ടച്ചന്‍റെ കാല്​ ഒടിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്​​ മോനച്ചൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അടൂർ ഡിവൈ.എസ്.പിക്ക്​ നേരിട്ട്​ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പൊലീസിന്‍റെ സമ്മർദം മൂലം ആദ്യം ആശുപത്രിയിൽ ചികിത്സയും നിഷേധിച്ചു. പിന്നീട്​ സമിതി ഇടപെട്ടതോടെയാണ്​ ചികിത്സ നൽകാൻ തയാറായത്.​ വർധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങൾക്ക് പരിഹാരം കാണുന്നതിന്​ പൊലീസിന്​ കഴിയുന്നില്ല. കേസിൽ നിഷ്​ക്രിയത്വവും വിവേചനപരവുമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കൺവീനർ അമ്പനാട് മോഹനൻ, ചെയർമാൻ എം.ജി. മനോഹരൻ, ഓലിക്കുളങ്ങര സുരേന്ദ്രൻ, മേലൂട് ഗോപാലകൃഷ്ണൻ, ചൂരക്കോട് മോഹനൻ, അജയൻ പെരുമുറ്റം, അനിൽ പനവിള എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.