കീഴ്​വായ്പൂര് സ്കൂൾ മന്ദിരം ഇനി പി.ഡബ്ല്യു.ഡി പണിയും

മല്ലപ്പള്ളി: ശതാബ്ദി പിന്നിട്ട കീഴ്​വായ്പൂര് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനില മന്ദിരം പണിയാൻ പ്രഖ്യാപിച്ച പദ്ധതി ഇനി കടലാസിൽ തുടരില്ല. നാലുവർഷമായി പ്ലാൻ ഫയലിവെച്ച് കെടുകാര്യസ്ഥത കാട്ടിയ ജില്ല പഞ്ചായത്തിനെ നിർമാണ ചുമതലയിൽനിന്ന് ഒഴിവാക്കി. 154.90 ലക്ഷം രൂപയുടെ മന്ദിരം ഇനി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പണിയും. മാർച്ച് 30ന് സർക്കാർ ഉത്തരവായി. ഹയർസെക്കൻഡറി ക്ലാസുകൾ നടത്തുന്നതിന് കെട്ടിടം തീർക്കാൻ സംസ്ഥാന ബജറ്റിൽ നീക്കി​വെച്ച തുകയിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 2018 ജൂലൈ 23ന് ഭരണാനുമതി നൽകിയിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിനായിരുന്നു നിർമാണച്ചുമതല. എസ്റ്റിമേറ്റ് എടുക്കാൻ ജില്ല പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന് ഭരണാനുമതി കൈമാറിയിരുന്നു. എന്നാൽ, ഇതിന് കൺസൾട്ടൻസിയായി കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തുകയാണ് ഇവർ ചെയ്തത്. മണ്ണ് പരിശോധന നടത്തി പ്ലാൻ തയാറാക്കിയെങ്കിലും ഫീസിനത്തിൽ 1.64 ലക്ഷം രൂപ നൽകാതെ ജില്ല പഞ്ചായത്ത് ഒഴിഞ്ഞുമാറി. ഇതോടെ പ്രവൃത്തി കടലാസിൽ ഒതുങ്ങി. മണ്ണ് പരിശോധനയും മറ്റും നടത്താൻ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ നിർദേശിച്ചു. 1975- 76 കാലഘട്ടത്തിൽ നിർമിച്ച ഓടിട്ട കെട്ടിടമാണ് ഒഴിവാക്കിയത്. ഇതിന്‍റെ ഉരുപ്പടികളും മറ്റും 2019 സെപ്റ്റംബറിൽ ലേലം ചെയ്തു. ഹൈസ്കൂൾ ക്ലാസുകളും ലബോറട്ടറിയുമാണ് മുമ്പ്​ ഇവിടെ പ്രവർത്തിച്ചിരുന്നത്. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചപ്പോൾ തുടങ്ങിയത് ഇതിലായിരുന്നു. പുതിയ ഭരണാനുമതിയിൽ ഉൾപ്പെടുത്തി മണ്ണ് പരിശോധന നടത്താൻ ഭാഗിക സാങ്കേതികാനുമതി നൽകുമെന്നും ഉടനെ പ്രവൃത്തി നടപ്പാക്കുമെന്നും പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം എൻജിനീയർ അറിയിച്ചു. അഞ്ച് നിലക്കുള്ള അടിസ്ഥാനമിട്ടാണ് പുതിയ കെട്ടിടം പണിയുക. മൂന്ന് നിലകൾക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനമുള്ള 10 ക്ലാസ് മുറികളും ലാബും സെമിനാർ ഹാളും ഓഫിസും പ്രഥമശുശ്രൂഷ മുറിയും ശൗചാലയങ്ങളും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.