വിത്ത്​​ ക്ഷാമം; പച്ചക്കറി കർഷകർ വലയുന്നു

വിത്തുകളിന്മേൽ കർഷകർക്ക്​ ഉണ്ടായിരുന്ന പരമാധികാരം കൃഷിവകുപ്പിന്‍റെ സഹായത്തോടെ വിത്തുകമ്പനികൾ കവർന്നു പത്തനംതിട്ട: വേനൽമഴ ശക്തമായതോടെ ജില്ലയിൽ പച്ചക്കറി കൃഷിക്ക്​ തയാറെടുക്കുന്ന കർഷകർ മികച്ച ഇനം വിത്തുകൾ ലഭിക്കാതെ വലയുന്നു. സങ്കരയിനം എന്ന പേരിൽ വിപണിയിൽ ലഭിക്കുന്ന വിത്തുകൾക്ക്​ ഗുണനിലവാരമില്ലെന്ന്​ കർഷകർ പറയുന്നു. സങ്കരയിനങ്ങളുടെ വരവോടെ നാടൻ വിത്തിനങ്ങളുടെ വരവും നിലച്ചു. ഇതാണ്​ മികച്ച വിത്തുകളുടെ ക്ഷാമത്തിന്​ കാരണമാകുന്നത്​. വൻ വിലനൽകി വിപണിയിൽനിന്ന് വാങ്ങുന്ന സങ്കരയിനം പച്ചക്കറി വിത്തുകൾ പലതും കിളിർക്കാറില്ല. കിളിർത്താലും തൈകൾ മിക്കവയും ആരോഗ്യത്തോടെ വളരുന്നില്ല. സങ്കരയിനം വിത്തുകൾ വ്യാപകമായതോടെ നാടൻ വിത്തിനങ്ങളിൽ പലതും ജില്ലയിൽ അന്യമായി. വേനൽമഴ പരക്കെ ലഭിച്ചതോടെ, ജില്ലയുടെ മിക്ക ഭാഗങ്ങളിലും പച്ചക്കറി കൃഷിക്കായി കർഷകർ തയാറെടുക്കുകയാണ്. പയർ, പാവൽ, പടവലം, വെള്ളരി, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ മികച്ച വിത്തുകൾക്കാണ് ക്ഷാമം​. ഗുണനിലവാരമുള്ള വിത്തുകൾ എന്ന വ്യാജേന കടകളിലും തെരുവോരത്തും നടക്കുന്ന കച്ചവടങ്ങൾക്കെതിരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല. വിത്തുകൾ വിൽപന നടത്താൻ ലൈസൻസ് വേണമെന്നിരിക്കെ ഇതൊന്നും പാലിക്കപ്പെടുന്നില്ല. പുതുതായി കൃഷിയിലേക്കിറങ്ങുന്ന നിരവധിപേരാണ് ഇതുമൂലം വഞ്ചിക്കപ്പെടുന്നത്​. ------ കർഷകരെ അടിമകളാക്കി കൂടുതൽ ഉൽപാദനവും കീടരോഗ പ്രതിരോധവും ഉറപ്പുനൽകുന്ന സങ്കരയിനം വിത്തിനങ്ങൾക്ക് പിന്നാലെയാണ് കർഷകർ അധികവും. ഇവയിൽനിന്ന് കൂടുതൽ വിളവ് ലഭിക്കുമെങ്കിലും അടുത്ത കൃഷിക്കുള്ള വിത്ത് ഉൽപാദിപ്പിക്കാൻ കഴിയാത്തത് തിരിച്ചടിയാകുന്നു. കേരളത്തിൽ അനുമതിയില്ലെങ്കിലും ജനിതകമാറ്റംവരുത്തിയ വിത്തുകൾ വ്യാപകമായിക്കഴിഞ്ഞുവെന്ന്​ കർഷകർ പറയുന്നു. കമ്പനികൾ വിപണിയിലെത്തിക്കുന്ന സങ്കരയിനം വിത്ത്‌ വാങ്ങാൻ കർഷകർ നിർബന്ധിതരാകുകയാണ്. കർഷകർക്ക്​ വിത്തുകളിന്മേൽ ഉണ്ടായിരുന്ന പരമാധികാരം വിത്തുകമ്പനികൾ കവർന്നിരിക്കയാണെന്നും അതിന്​ കൃഷിവകുപ്പും കൂട്ടുനിൽക്കുകയാണെന്നും ആക്ഷേപമുയരുന്നു. സർക്കാർ സ്ഥാപനമായ വി.എഫ്.പി.സി.കെ. വിത്തുകൾ പാക്കറ്റിലാക്കി വിൽപന നടത്തുന്നുണ്ടെങ്കിലും എല്ലാ കർഷകർക്കും ലഭിക്കുന്നില്ല. ഒരുജില്ലയിൽ ഒരു ഓഫിസ് മാത്രമാണ് വി.എഫ്.പി.സി.കെക്കുള്ളത്. കൃഷിഭവനുകളിലൂടെയുള്ള വിത്തുവിതരണവും നാമമാത്രമാണ്. ഓണം വിപണി ലക്ഷ്യമിട്ട് മാത്രമാണ് കൃഷിവകുപ്പ് വിത്തുവിതരണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.