പത്തനംതിട്ട: സ്ത്രീകൾക്ക് മാസം 1000രൂപ ധനസഹായം നൽകുന്ന സർക്കാറിന്റെ സ്ത്രീ സുരക്ഷ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ മടിച്ച് പത്തനംതിട്ട. സംസ്ഥാനത്ത് ഏറ്റവും കുറവ് അപേക്ഷകരുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. ജില്ലയിൽ നിന്ന് ഇതുവരെ 23,947 പേരാണ് പദ്ധതിയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. ഡിസംബർ 22 മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. 18,173 അപേക്ഷകർ മാത്രമുള്ള ഇടുക്കിയാണ് ഏറ്റവും പിന്നിൽ. കുറവ് അപേക്ഷകരിൽ പത്തനംതിട്ടയാണ് രണ്ടാമത്.
നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത 35നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ്വിമെൻ വിഭാഗത്തിൽപെടുന്നവർക്കും പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. മഞ്ഞ(എ.എ.വൈ), പിങ്ക്(പി.എച്ച്.എച്ച്) റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ksmart.lsgkerala.gov.in എന്ന വൈബ് സൈറ്റിലൂടെ ഓൺലൈനായി അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.
പ്രസ്തുത പ്രായപരിധി കടക്കുന്ന ദിവസം മുതൽ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ലെന്നും പദ്ധതിയുടെ മാർഗരേഖയിൽ പറയുന്നു. വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല.
സംസ്ഥാനത്തുനിന്ന് താമസം മാറുകയോ, കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസ്, കേന്ദ്ര -സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, പദ്ധതികൾ, സർവകലാശാലകൾ, മറ്റ് സ്വയം ഭരണ- ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരം-കരാർ നിയമനം ലഭിച്ചാലും ആനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകും.
അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ നീല, വെള്ള റേഷൻ കാർഡുകൾ ആയി തരംമാറ്റപ്പെടുന്ന പക്ഷം പദ്ധതി ആനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകും. ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കില്ല. എല്ലാ ഗുണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നൽകണമെന്നും മാർഗരേഖയിൽ പറയുന്നു.
അനർഹരായി ആനുകൂല്യം കൈപ്പറ്റുന്നവരിൽനിന്നും നൽകിയ തുക പലിശ സഹിതം തിരികെ ഈടാക്കും. ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിങും ഉണ്ടായിരിക്കും. തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് സംസ്ഥാന സർക്കാർ സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.