സിൽവർ ലൈൻ: പന്തളം മേഖലയിൽ സർവേ ഈ മാസം ആരംഭിക്കും

44.71 ഹെക്ടറാണ് ജില്ലയിൽ ഏറ്റെടുക്കാൻ ലക്ഷ്യമിടുന്നത്​ പന്തളം: സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സർവേ നടപടികൾ ജില്ലയിൽ ഈ മാസം അവസാനത്തോടെ ആരംഭിക്കും. സമീപ ജില്ലയായ ആലപ്പുഴയിലെ മുളക്കുഴയിൽ സർവേ നടപടികൾ അവസാനഘട്ടത്തിലാണ്. മുളക്കുഴയിൽ പ്രതിഷേധത്തിനിടയിലും സർവേ പൂർത്തിയാക്കി. പത്തനംതിട്ട, ആലപ്പുഴ ജില്ല അതിർത്തി പ്രദേശത്ത് സർവേ പൂർത്തിയാകുന്ന മുറക്ക്​ അടുത്തുകിടക്കുന്ന പന്തളത്ത് സർവേ ആരംഭിക്കാനാണ് കെ-റെയിലിന്റെ തീരുമാനം. കെ-റെയിൽ എൽ.എ.ഒയുടെ (ലാൻഡ് അക്വിസിഷൻ ഓഫിസർ) നേതൃത്വത്തിലാകും സർവേ നടക്കുക. ഇതുമായി ബന്ധപ്പെട്ട് തിരുവല്ലയിൽ കെ-റെയിൽ ഓഫിസ് തുറന്നിട്ടുണ്ട്. 44.71 ഹെക്ടറാണ് ജില്ലയിൽ ഏറ്റെടുക്കാൻ ലക്ഷ്യമിടുന്നതെന്ന് കെ-റെയിൽ എൽ.എ.ഒ ജോൺ വർഗീസ് പറഞ്ഞു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി, അടൂർ താലൂക്കുകളിലെ വിവിധ സ്ഥലങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. കല്ലൂപ്പാറ, കുന്നന്താനം, ഇരവിപേരൂർ, കവിയൂർ, കോയിപ്രം, ആറന്മുള, പള്ളിക്കൽ, പന്തളം, കടമ്പനാട് വില്ലേജുകളിലൂടെയാണ് കെ-റെയിൽ കടന്നുപോകുന്നത്. ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് കല്ലിടുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രൂപരേഖപ്രകാരം 22 കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. ചെങ്ങന്നൂരാണ് ജില്ലക്ക്​ അടുത്തുള്ള സ്റ്റേഷൻ. നിലവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്​ 4.3 കിലോമീറ്റർ അകലെ എം.സി റോഡിനു സമീപമാണ് കെ-റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുന്നത്. പന്തളം ജങ്​ഷന് പടിഞ്ഞാറുവശം മുടിയൂർക്കോണം, കുളനട പഞ്ചായത്തിലെ ഞെട്ടൂർ തുടങ്ങിയ പ്രദേശം വഴിയാണ് സർവേ നടപടിയിൽ ആരംഭിക്കുക. പന്തളം ജങ്​ഷന് പടിഞ്ഞാറുവശം കരിങ്ങാലി പാടശേഖരത്തിന്റെ പകുതിയിലേറെയും സർവേയിൽ ഉൾപ്പെടും. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.