പുതിയ ബജറ്റിൽ മറുകര തൊടുമോ ചിറ്റൂർ കടവ് പാലം

കോന്നി: പുതിയ ബജറ്റ് പ്രഖ്യാപനത്തിന്​ കാതോർക്കുമ്പോൾ കോന്നിയിലെ ചിറ്റൂർ കടവ് പാലം ഇത്തവണയെങ്കിലും മറുകര തൊടുമോ എന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്​. അച്ചൻകോവിലാറിന് കുറുകെ ചിറ്റൂർ മുക്കിനെയും അട്ടച്ചാക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം തൂണുകളിൽ മാത്രം ഒതുങ്ങിയിട്ട്​ വർഷങ്ങൾ പലത് കഴിഞ്ഞു. പാലത്തിന്‍റെ നിർമാണം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് അടൂർ പ്രകാശ് കോന്നി എം.എൽ.എ ആയിരുന്ന കാലഘട്ടത്തിൽ റിവർ മാനേജ്മെന്‍റ്​ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പാലം നിർമാണത്തിനായി തുക അനുവദിച്ചത്. എന്നാൽ, കരാറുകാരന്​ ബില്ല് മാറി തുക നൽകാൻ സാധികാത്തതിനാൽ നിർമാണം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കോന്നി, മാങ്ങാരം, ഇളകൊള്ളൂർ, പ്രമാടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അട്ടച്ചാക്കൽ, കിഴക്കുപ്പുറം, മലയാലപ്പുഴ, തണ്ണിത്തോട്, തേക്കുതോട് എന്നീ മേഖലകളുമായി ബന്ധപ്പെടുന്നതിന് പാലം ഏറെ സഹായകരമായിരുന്നു. മാത്രമല്ല കോന്നിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാനും പാലം നിർമാണ പൂർത്തീകരണത്തോടെ കഴിയും. എന്നാൽ, പിന്നീട് 2019ൽ അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ ആയപ്പോൾ പാലത്തിന്‍റെ നിർമാണത്തിനായി ഒരുകോടി അനുവദിച്ചെങ്കിലും കരാറുകാരനുമായുള്ള കേസ് മൂലം നിർമാണം തുടങ്ങാൻ സാധിച്ചില്ല. പാലത്തിന്‍റെ അപ്രോച്ച് റോഡായ ചിറ്റൂർ കടവ് റോഡിന് ജില്ല പഞ്ചായത്ത് 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തികവർഷം എങ്കിലും പാലം മറുകര തൊടുമോ എന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.