താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ ദേശീയപതാക ഉയർത്തി വിദ്യാർഥികൾ

പന്തളം: യുദ്ധഭൂമിയിൽ കുരുങ്ങിപ്പോയ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ ദേശീയപതാക ഉയർത്തി. രാപകലില്ലാതെ അലാറം മുഴങ്ങുന്നതിന്‍റെയും ബോംബ് സ്​ഫോടനശബ്ദത്തിന്‍റെയും ഭയത്തിലാണ് മലയാളി വിദ്യാർഥികൾ കഴിയുന്നത്​​. ഇവർ താമസിക്കുന്ന കെട്ടിടത്തിൽ അമ്പതിലേറെ കുട്ടികളാണുള്ളത്. ഇവരുമായി എംബസി ഫോണിൽ ബന്ധപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ല. എംബസി നൽകിയ നിർദേശപ്രകാരമാണ്​ യുക്രെയ്​നിൽ കുടുങ്ങിക്കിടക്കുന്ന കെട്ടിടത്തിന് മുകളിൽ ദേശീയപതാക ഉയർത്തിയത്​. കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് ഭക്ഷണക്ഷാമം രൂക്ഷമാണ്. പലരും വിശന്നു തളർന്നുകിടക്കുന്ന അവസ്ഥയിലാണെന്നാണ്​ പന്തളം തുമ്പമൺ അമ്പലക്കടവ് വടക്കേമുറിയിൽ ജിന്നി റെയ്ചൽ ബന്ധുക്കളെ അറിയിച്ചത്. യുക്രെയ്നിൽനിന്ന്​ 700 കി.മീ. അകലെ അക്വാഷ്യയ എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്. യൂനിവേഴ്സിറ്റിയിലെ 1500 ഓളം വിദ്യാർഥികൾ ഉണ്ടായിരുന്നു. മലയാളികളുൾപ്പെടെ നാനൂറോളം ഇന്ത്യക്കാരാണ് യൂനിവേഴ്സിറ്റിക്ക്​ സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്നത്. നാല് കി.മീ. പിന്നിട്ടാൽ റഷ്യൻ തടാകത്തിനരികിൽ എത്താമെന്നും എംബസി ഇവരെ വിവരമറിയിച്ചിട്ടുണ്ട്. ഇവിടെനിന്ന്​ ആരെയും ഇതുവരെയും മാറ്റിയിട്ടില്ല. മിക്ക സമയങ്ങളിലും ശക്തമായ ഭൂചലനരീതിയിലെ സ്​ഫോടനങ്ങൾ നടക്കുന്നുണ്ടെന്നും ജിന്നി റെയ്ചൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.