തെരുവുവിളക്കില്ല; ജനങ്ങൾ ദുരിതത്തിൽ

വടശ്ശേരിക്കര: തെരുവുവിളക്കില്ലാതെ വനമേഖലയിലെ ജനങ്ങൾ ഇരുട്ടിൽതപ്പുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പെരുന്തേനരുവിയിലേക്ക് പോകുന്ന റോഡിന്‍റെ കുടമുരുട്ടി ഭാഗത്തുള്ള റോഡുകളിൽ തെരുവുവിളക്കുകൾ ഇല്ലാത്തതാണ് നാട്ടുകാരെ വലക്കുന്നത്. ഇവിടെ വന്യമൃഗശല്യവും വർധിച്ചതോടെ സന്ധ്യ കഴിഞ്ഞാൽ കാൽനട യാത്ര ചെയ്യുന്നത് നാട്ടുകാർ പൂർണമായി ഉപേക്ഷിച്ചിരിക്കുകയാണ്. പെരുനാട്-പെരുന്തേനരുവി റോഡിലെ ഉന്നതാനിക്കും കുടമുരുട്ടിക്കും ഇടക്കുള്ള ഒരുകിലോമീറ്റർ ദൂരമാണ് വനമുള്ളത്. പെരുന്തേനരുവി റോഡ് കൂടാതെ ഈ വനമധ്യത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന കൊച്ചുകുളം മേഖലയിലുള്ള ജനങ്ങൾ ഉപയോഗിക്കുന്ന ബസ് സ്റ്റോപ്പുമുണ്ട്. കാടിനു നടുവിലെ ആഞ്ഞിലിമുക്ക് ബസ് സ്റ്റോപ്പിൽനിന്ന്​ കൊച്ചുകുളം ഭാഗത്തേക്കുള്ള അരക്കിലോമീറ്റർ റോഡ് വനത്തിനുള്ളിൽ കൂടിയാണ് കടന്നുപോകുന്നത്. സന്ധ്യ കഴിഞ്ഞാൽ ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഈ സ്റ്റോപ്പിലിറങ്ങി യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുന്നത്. വനത്തിനുള്ളിലെ വഴിയരികിൽ മാലിന്യം തള്ളുന്നത് പതിവായതോടെ കാട്ടുപന്നിയുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രവുമാണ് ഈ പ്രദേശം. അതുകൊണ്ടുതന്നെ കുടമുരുട്ടി റോഡിലും കൊച്ചുകുളം റോഡിലും വൈദ്യുതി ലൈനുകൾ വലിച്ച്​ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.