മൈലാടുംപാറക്കാരുടെ കുടിവെള്ളം മുട്ടിച്ച് ജല അതോറിറ്റി

പത്തനംതിട്ട: നഗരസഭ 16ആം വാർഡിൽ മുക്കടപുഴ, മൈലാടുംപാറ താഴം, തുണ്ടുവിളപടി, കാക്ക തോട്ടം, പനം തോപ്പ് മേഖലകളിലെ ജനങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായിട്ട് മാസങ്ങളാകുന്നു. ചൊവ്വാഴ്ച മുതൽ സമരപരിപാടികൾ ആരംഭിക്കാനൊരുങ്ങുകയാണ്​ നാട്ടുകാർ. ഇവിടെ താമസക്കാർക്ക്​ സ്വന്തമായി കിണറില്ല. കിണറിനായി എവിടെ കുഴിച്ചാലും പാറ മാത്രമാണ്​. ജല അതോറിറ്റിയുടെ പൈപ്പ് ലൈനാണ് ഏക ആശ്രയം. പ്രദേശത്തെ പ്രശ്നങ്ങൾ കാണിച്ച് വാർഡ് കൗൺസിലർ മന്ത്രിക്കും അതോറിറ്റി ഉദ്യോഗസ്ഥർക്കും നിരവധിതവണ പരാതി നൽകിയെങ്കിലും സ്ഥലം സന്ദർശിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന്​ ഒരുവിധ നടപടിയും ഉണ്ടാകുന്നില്ല. മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ അഞ്ച് ദിവസത്തിനകം പ്രദേശത്തെ പൈപ്പ് ലൈൻ പണിതീർത്തത് ജലവിതരണം സുഗമമാക്കാം എന്ന് വാർഡ് കൗൺസിലറും നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ ജെറി അലക്സിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, രണ്ടാഴ്ചയായിട്ടും നൽകിയ ഉറപ്പ് മാത്രം മിച്ചം. പ്രദേശത്തെ ജലവിതരണത്തിന് തടസ്സമായിരുന്നത് വളവുങ്കൽ മുതൽ മുസ്​ലിയാർ കോളജ് വരെയുള്ള ഭാഗത്തെ പൈപ്പ് ലൈനിലെ തകരാറുകൾ ആയിരുന്നു. ഇതിന് പരിഹാരമായി ഈ ഭാഗത്ത് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് എം.എൽ.എ ഫണ്ടിൽനിന്ന്​ തുക അനുവദിച്ച്​ ഒരുവർഷമായി. ഇതുമൂലം കുമ്പഴ മലയാലപ്പുഴ റോഡി‍ൻെറ നവീകരണ പ്രവൃത്തികളും തടസ്സപ്പെട്ടിരിക്കുകയാണ്. യുദ്ധകാലടിസ്ഥാനത്തിൽ പൈപ്പ് പണി പൂർത്തീകരിച്ച് പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണാത്തപക്ഷം ശക്തമായ സമരപരിപാടി ആരംഭിക്കാൻ നാട്ടുകാർ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.