'സവിശേഷം വിശേഷം' പംക്​തിയിലേക്ക്​

കണ്ണുംനട്ട്​ കാത്തിരിക്കുന്നവർക്കേ അതി​ന്‍റെ കഴപ്പറിയൂ... കാത്തിരിക്കാൻ തുടങ്ങിയിട്ട്​ ആഴ്​ചകൾ പലതായി. രണ്ടിലൊന്നറിഞ്ഞിട്ടുവേണം രണ്ടിലൊന്നുചെയ്യാൻ എന്ന തീരുമാനവുമായി കാത്തിരിക്കുന്നവർ ഏറെയാണ്​. തങ്ങൾ ഭാരവാഹി പട്ടികക്കുള്ളിലോ പുറത്തോ എന്നതാണ്​ ആദ്യത്തെ രണ്ടിലൊന്ന്​. അക്കാര്യം അറിഞ്ഞിട്ടുവേണം സ്വീകരണം ഏറ്റുവാങ്ങണോ, പൊട്ടിത്തെറിക്കണോ എന്ന്​ തീരുമാനിക്കാൻ. അതാണ്​ രണ്ടാമത്തെ രണ്ടിലൊന്ന്​. പട്ടിക, സ്വീകരണം, പൊട്ടിത്തെറി എന്നൊക്കെപ്പറഞ്ഞപ്പോൾ ആളുകളെ പിടികിട്ടിക്കാണുമല്ലോ. അതെ കോൺഗ്രസുകാർ തന്നെ. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക്​ പ്രസിഡൻറുമാരുടെയും പട്ടികക്കായാണ്​ കാത്തിരിക്കുന്നത്​. തങ്ങൾ പുറത്തോ അകത്തോ എന്നറിഞ്ഞിട്ടുവേണം ഉള്ളുതുറന്ന്​ എന്തെങ്കിലും പറയാൻ. 15 ഡി.സി.സി ഭാരവാഹികൾ, 16 എക്​സിക്യൂട്ടിവ്​ അംഗങ്ങൾ, 10 ബ്ലോക്ക്​ പ്രസിഡൻറുമാർ അത്രയേ ഉള്ളൂ ഇത്തവണ​ സ്ഥാനങ്ങൾ. സ്ഥാനംകിട്ടിയാൽ പുതിയ മാനം തുറന്നുകിട്ടും. അതിനായി കാത്തിരിക്കുന്നവർ അനേകരാണ്​. നേരത്തേ 70ന്​ പുറത്തായിരുന്നു ഡി.സി.സി അംഗങ്ങൾ. അതിൽനിന്നാണ്​ 31 ആയി ചുരുങ്ങുന്നത്​. അതാണ്​ മിക്കവരും മുട്ടവെച്ചാൽ വേവുന്ന പരുവത്തിൽ കാത്തിരിക്കുന്നത്​. ഭാരവാഹിപട്ടിക തയാറാക്കാൻ ജില്ലയുടെ സംഘടന ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ജില്ലയിൽ വന്ന്​ മടങ്ങിയ അന്ന്​ തുടങ്ങിയതാണ്​ കാത്തിരിപ്പും ആകാംക്ഷയും. രണ്ടുംകെട്ട നേരമെന്നല്ലാതെ എന്തുപറയാൻ. അതിനിടയിൽ ഡി.സി.സി പ്രസിഡൻറ്​ കോവിഡ്​ ബാധിതനായി. അതോടെ പട്ടിക അന്തിമ രൂപത്തിലാകുന്നത്​ വൈകി. ഡി.സി.സി ഭാരവാഹി പട്ടികയിൽ ഇടംപിടിക്കാനാണ്​ ഭൈമീകാമുകന്മാർ ഏറെ. പണിക്കുറവാണ്​ കാരണം. തേച്ച മുണ്ടും ഷർട്ടും ഏറെദിവസം ഉടയാതെ ഇട്ടുനടക്കാം. വേദികളിൽ വെളുക്കെ ചിരിച്ച്​ നിറഞ്ഞുനിൽകുക മാത്രമാണ്​ പണി. ബ്ലോക്ക്​ പ്രസിഡൻറായാൽ പണികിട്ടും. സാധാരണ പ്രവർത്തകരുമായി ഇടപഴകേണ്ടിവരും. അതിനിടയിൽ പ്രവർത്തകർക്ക്​ ഇഷ്​ടക്കേടുണ്ടായാൽ അതെച്ചൊല്ലി​ ഇടങ്ങേറും. പണ്ട്​ ഗ്രൂപ്പിനോടുള്ള കൂറായിരുന്നു മാനദണ്ഡം. ഇപ്പോൾ പഴയ ഭാരവാഹികളിൽനിന്ന്​ പകുതി, ബാക്കി പകുതി പുതുമുഖങ്ങൾ, പിന്നെ മതം, ജാതി, പോഷകസംഘടന ബലം, വനിത എന്നിങ്ങനെയൊക്കെ നീളുന്നതാണ്​ മാനദണ്ഡം. അതിനാൽ പലർക്കും ഒരു എത്തുംപിടിയുമില്ല. എം.എം. നസീറിന്​ മുമ്പ്​ ഐ വിഭാഗത്തിനോടായിരുന്നു കൂറ്​, ന്യൂജൻ ഭാരവാഹികൾ വന്നതോടെ അദ്ദേഹം കൂറുമാറി, അവർക്ക്​ സ്​തുതിപാടുന്നവനായി. സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ കാത്തിരിക്കുകയേ നിർവാഹമുള്ളൂ. എന്നിരുന്നാലും എല്ലാവരും തീരുമാനം എടുത്തുകഴിഞ്ഞെന്നാണ് അറിയുന്നത്​. അതാണ്​ സ്വീകരണം അല്ലെങ്കിൽ പൊട്ടിത്തെറി എന്നത്​. പുതിയ സാഹചര്യങ്ങളിൽ പൊട്ടിത്തെറി നിയന്ത്രിത തോതിലായിരിക്കുമെന്ന്​ മാത്രം. നിയന്ത്രണംവിട്ട്​ പൊട്ടിത്തെറിക്കുന്നവർക്ക്​ സ്വീകരണം ഒരുക്കാൻ എൽ.ഡി.എഫിലെ എല്ലാ കക്ഷികളും കച്ചമുറുക്കിക്കഴിഞ്ഞു എന്നാണറിയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.