പത്തനംതിട്ട നഗരത്തിലെ കുടിവെള്ളപ്രശ്നം യോഗത്തിൽ പങ്കെടുക്കാത്ത ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം -കൗൺസിൽ

p2 leed പത്തനംതിട്ട: മന്ത്രി റോഷി അഗസ്റ്റിന്‍റെ നിർദേശപ്രകാരം പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്നം ചർച്ചചെയ്യാൻ നഗരസഭ ചെയർമാൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. പത്തനംതിട്ട ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമാണ് തുടർച്ചയായി ഉണ്ടാകുന്നത്. നഗരപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്ന അമൃത് പദ്ധതി നഗരസഭയിൽ നടപ്പാക്കുകയാണ്. പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങുന്ന കരട് തയാറായി കഴിഞ്ഞു. വിശദമായ റിപ്പോർട്ട് ഫെബ്രുവരിയിൽ സമർപ്പിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. എന്നാൽ, അമൃത് പദ്ധതിയുടെ പ്രവർത്തനങ്ങളുമായും പത്തനംതിട്ടയിൽ ജല അതോറിറ്റി നിസ്സഹകരിക്കുകയാണെന്ന് യോഗത്തിൽ ആരോപണം ഉയർന്നു. പദ്ധതിയുടെ വിശദാംശങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ നിരവധി തവണ വാട്ടർ അതോറിറ്റിയുടെ എക്സിക്യൂട്ടിവ് എൻജിനീയർക്ക് കത്ത് നൽകിയെങ്കിലും നഗരസഭ ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യാൻ അദ്ദേഹം തയാറായില്ല. ഇതേ തുടർന്ന് നഗരസഭ സെക്രട്ടറിയും മുനിസിപ്പൽ എൻജിനീയറും ജല അതോറിറ്റിയുടെ ഓഫിസിലെത്തിയാണ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്. നഗരസഭ നടപ്പാക്കുന്ന ചെറുകിട കുടിവെള്ള പദ്ധതികളെക്കുറിച്ചുള്ള ചർച്ചയും കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ അജണ്ട ആയിരുന്നു. വരൾച്ച രൂക്ഷമാകുന്നതിന് മുമ്പുതന്നെ പദ്ധതികൾ നടപ്പാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. എന്നാൽ, കാര്യമായ സഹകരണം ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നില്ല എന്ന് ബന്ധപ്പെട്ട കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജല അതോറിറ്റിയുമായുള്ള യോഗം വീണ്ടും വ്യാഴാഴ്ച വിളിച്ചുചേർക്കാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.