കര്‍ഷകര്‍ക്ക് ധനസഹായ പദ്ധതിയുമായി ജില്ല പഞ്ചായത്ത്

പത്തനംതിട്ട: നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ജില്ലതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തേതിലും അധികം ഭൂമി ഏറ്റെടുത്ത്​ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് ജില്ല പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്. നെല്‍ കൃഷിക്കാര്‍ക്കും ഇടവിള കൃഷിക്കാര്‍ക്കുമാണ്​ ധനസഹായം നല്‍കുന്നത്. നെല്ലിന്റെ വൈവിധ്യവത്​കരണം ലക്ഷ്യംവെച്ചാണ്​ ജില്ല പഞ്ചായത്ത് കൊടുമണ്ണില്‍ ആധുനിക രീതിയിലുള്ള റൈസ് മില്ല് സ്ഥാപിക്കാന്‍ തീരുമാനിച്ചത്​. കര്‍ഷക കൂട്ടായ്മകളും തദ്ദേശ സ്ഥാപനങ്ങളും താല്‍പര്യം കാണിച്ചാല്‍ പടിഞ്ഞാറന്‍ മേഖലയിലും ഈ നിലയില്‍ മില്ല് സ്ഥാപിക്കാന്‍ കഴിയുന്നതാണ്. ഈ വര്‍ഷം വിവിധ പഞ്ചായത്തുകളില്‍നിന്ന് നെല്‍കൃഷിക്കുള്ള ചെലവിനത്തില്‍ 2.23 കോടിയുടെ ധനസഹായം ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ആദ്യഗഡുവായി 1.72 കോടിയാണ് വിതരണം ചെയ്തത്. ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതാണ്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ളയും ജില്ല പഞ്ചായത്ത് പ്രസിഡന്റില്‍നിന്ന് ധനസഹായം ഏറ്റുവാങ്ങി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടക്കുന്നത് പെരിങ്ങര പഞ്ചായത്തില്‍ 4900 ഏക്കറിലും ഇരവിപേരൂര്‍ പഞ്ചായത്തില്‍ 350 ഏക്കറിലുമാണ്. ഇടവിള കൃഷി നടത്തുന്ന കര്‍ഷകര്‍ക്കായി 1.06 കോടിയും വിതരണം ചെയ്തു. പൊതുവിഭാഗത്തിലും എസ്.സി വിഭാഗത്തിലും പെട്ടവര്‍ക്കായി 64 ലക്ഷം രൂപയും വനിതകള്‍ക്ക് 42 ലക്ഷം രൂപയുമാണ് നല്‍കുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ആര്‍. അജയകുമാര്‍, ബീന പ്രഭ, ലേഖ സുരേഷ് എന്നിവരും ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, ജിജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്തന്‍ ജോസഫ്, കെ.ബി. ശശിധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ഫോട്ടോ കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ജില്ലതല വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കുന്നു .................................... വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ പത്തനംതിട്ട: ജില്ലയിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കും. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി വായ്പ അനുവദിക്കും. ഫോൺ: 8281552350.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.