തുമ്പമണ്ണിൽ അപകടക്കെണിയായ പാറക്കുളം നികത്താൻ കൂട്ടായ്മ

തുമ്പമൺ: മരണക്കെണിയായ പാറക്കുളം നികത്തണമെന്ന ആവശ്യവുമായി നാട്ടുകാരുടെ കൂട്ടായ്മ രംഗത്ത്. പാറക്കുഴിയുടെ കരയിലുള്ള റോഡിൽകൂടി പോകവെ കുളത്തിൽ വീണുമരിച്ചത് നാലുപേരാണ്. അടുത്തകാലത്ത് ബൈക്കിൽനിന്ന് തെറിച്ചുവീണ് മരിച്ചത് ക്രിസ്മസ് കരോൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവാണ്. തുമ്പമൺ അഞ്ചാംവാർഡിൽ ഇന്ദിര ജങ്ഷനിൽനിന്ന് 400 മീറ്റർ മാറിയുള്ള പാറക്കുഴി നികത്തി അവിടെ മിനി പാർക്ക്, ഇൻഡോർ കോർട്ട്, വനിത കൂട്ടായ്മയുടെ ഭക്ഷണശാല എന്നിവ ഉണ്ടാക്കണമെന്നാണ് ആക്​ഷൻ കൗൺസിൽ ആവശ്യം. പുറംപോക്കിൽപ്പെട്ട 69 സെന്‍റ്​ സ്ഥലത്താണ് പാറക്കുളം. നിത്യവും ധാരാളം ആൾക്കാർ യാത്രചെയ്യുന്ന റോഡിൽ സുരക്ഷയില്ലാതെ കിടക്കുകയാണ് കുളം. ക്രിസ്മസിനുണ്ടായ അപകടത്തിൽ യുവാവ് മരിച്ചതോടെയാണ് പാറക്കുളം നികത്താനായി നാട്ടുകാർ അധികൃതരെ സമീപിക്കുന്നത്. ആക്​ഷൻ കൗൺസിൽ തയാറാക്കുന്ന നിവേദനവും നിർദേശങ്ങളും ആദ്യം ഗ്രാമപഞ്ചായത്തിലും പിന്നീട് മറ്റ് അധികാരികൾക്കും നൽകാനാണ് തീരുമാനം. വളരെ നാളുകൾ പാറപൊട്ടിച്ച് അഗാധ ഗർത്തമായി മാറിയ പാറക്കുളം മലിനമായി കിടക്കുകയാണ്. ചുറ്റുപാടും കാട് വളർന്നുനിൽക്കുന്നതിനാൽ കുളമുണ്ടെന്ന് തൊട്ടടുത്ത റോഡിൽക്കൂടി യാത്രചെയ്യുന്നവർക്കുപോലും അറിയാൻ കഴിയില്ല. അപകടങ്ങൾ ഉണ്ടാകുന്നതും ഇങ്ങനെയാണ്. മലിനജലം കെട്ടിനിൽക്കുന്നതുകാരണം ദുർഗന്ധവുമുണ്ട്. സമീപവാസികളുടെ കിണറുകളിൽ ഉറവയായെത്തുന്നത് മലിനജലമാണ്. കുളം നാട്ടിലെ എല്ലാ മാലിന്യവും തള്ളാനുള്ള ഇടമായി മാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.