നേർച്ചയും വഴിപാടും ഇല്ലാത്ത ശാരദ ക്ഷേത്രം

കോന്നി: നേർച്ചയും വഴിപാടുകളുമില്ലാത്ത കോന്നി വകയാർ മ്ലാനതടത്തിലെ ശാരദ ക്ഷേത്രം പകരുന്നത്​ വേറിട്ട അനുഭവം. ഗുരു നിത്യചൈതന്യ യതി നേരിട്ട് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്​. കോന്നി ആരുവാപ്പുലം പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് 1999ൽ ഗുരു നിത്യചൈതന്യ യതി നേരിട്ട് ശാരദ പ്രതിഷ്ഠ നടത്തിയത്. യതിയുടെ ജന്മഗൃഹത്തിന് സമീപത്തുതന്നെയാണ് ശ്രീനാരായണഗുരുവിന്റെ ശിവഗിരി മാതൃകയിലെ ക്ഷേത്രവും നിലകൊള്ളുന്നത്. മറ്റുള്ള ക്ഷേത്രങ്ങളിൽനിന്ന്​ വ്യത്യസ്തമാണ് ഇവിടുത്തെ രീതികൾ. പ്രകൃതിരമണീയ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട്​ കടന്നുചെല്ലുമ്പോൾ ആദ്യം ദർശിക്കാൻ കഴിയുന്നത് ശ്രീനാരായണഗുരുവിന്റെ പ്രതിഷ്ഠയും സമീപത്ത്​ ഗുരു നിത്യചൈതന്യ യതിയുടെ സ്മാരകവുമാണ്. ഗുരുപ്രതിഷ്ഠക്ക് അഭിമുഖമായാണ് ശാരദ പ്രതിഷ്ഠ ഉള്ളത്. ശാരദ പ്രതിഷ്ഠയുടെ ചുവരിൽ കാണുന്ന, ഈ ക്ഷേത്രത്തിൽ വഴിപാടുകളോ നേർച്ചകളോ സ്വീകരിക്കുന്നില്ലെന്ന ബോർഡുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ബോർഡ് ഇവിടെ എത്തുന്നവർ അത്ഭുതത്തോടെയാണ് കാണുന്നത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും കടന്നുചെല്ലുമ്പോൾ ആദ്യം കാണുന്നത് വഴിപാടുകളുടെ പേരുവിവരങ്ങളും നിരക്കുകളുമാണ്​. അവയിൽനിന്ന്​ വ്യത്യസ്തമാണ് മ്ലാനതടത്തിലെ ശാരദ ക്ഷേത്രം. 24 കഴുക്കോൽ ഒറ്റ മോന്തായത്തിൽ സ്ഥാപിച്ചിരിക്കുന്നതാണ് ശ്രീകോവിൽ. ശ്രീകോവിലിനു മുന്നിൽ കൽവിളക്കും സ്ഥാപിച്ചിട്ടുണ്ട്. ശ്രീനാരായണഭക്തരും ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യഗണങ്ങളുമാണ് ഇവിടെ എത്തുന്നവരിൽ ഏറെയും. മനോജ് പുളിവേലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.