പ്രളയം താണ്ഡവമാടിയ ജില്ലയിലെ കരഭൂമികള്‍ കരിഞ്ഞുണങ്ങുന്നു; കണ്ണീരോടെ കർഷകർ

പത്തനംതിട്ട: സംസ്ഥാനത്തുതന്നെ അധികമഴയിലൂടെ റെക്കോഡിട്ട്​ പ്രളയം താണ്ഡവമാടിയ ജില്ലയിലെ കരഭൂമികള്‍ കരിഞ്ഞുണങ്ങുന്നു. നീരൊഴുക്ക്​ കുറഞ്ഞ്​ നദികളും വറ്റിത്തുടങ്ങി. കഴിഞ്ഞവർഷം നവംബര്‍ വരെയുള്ള മാസങ്ങളില്‍ അധിക മഴയാണ് ജില്ലയില്‍ ലഭിച്ചതെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ ആരംഭിച്ച വരള്‍ച്ച അതിരൂക്ഷമാണ്. പകല്‍ താപനില ശരാശരി 35 ഡിഗ്രിവരെ രേഖപ്പെടുത്തുന്നു. ചൂടിന്‍റെ കാഠിന്യത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്​. ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടുതുടങ്ങി. നദീ തീരങ്ങളിലും പാടങ്ങളോടു ചേര്‍ന്ന പ്രദേശത്തും മാത്രമാണ് ഇപ്പോഴും കുടിവെള്ളത്തിന്​ തടസ്സമില്ലാത്തത്​. മലയോര മേഖലയിലെങ്ങും വരള്‍ച്ച രൂക്ഷമായതോടെ കടുത്ത ശുദ്ധജലക്ഷാമമാണ്​ ഇപ്പോൾ തന്നെ അനുഭവപ്പെടുന്നത്​. വെള്ളം കിട്ടാത്ത സ്ഥിതിയിൽ കാര്‍ഷികമേഖല വലിയ വെല്ലുവിളിയാണ്​ നേരിടുന്നത്​. അപ്രതീക്ഷിതമായ ചൂടില്‍ നിരവധി കൃഷിയിടങ്ങളില്‍ നാശമുണ്ടായി. ഏത്തവാഴ കർഷകരാണ്​ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്​. ജലസേചന സൗകര്യം ഇല്ലാത്തതിനാൽ കുലവന്നതും ഇല്ലാത്തതുമായ വാഴകളൊക്കെ ഒടിഞ്ഞുവീഴുന്നു. ചൂടിന്‍റെ ആധിക്യത്തില്‍ പിണ്ടിയിലെ വെള്ളംവറ്റി ഒടിഞ്ഞുവീഴുകയുമാണ്. വാഴകൃഷി പ്രധാനമായുള്ള കോന്നി, കലഞ്ഞൂര്‍, വകയാര്‍ മേഖലകളില്‍ തൈവാഴകളടക്കം ഉണങ്ങിത്തുടങ്ങി. കനാല്‍ വെള്ളം പ്രതീക്ഷിച്ച് വാഴകൃഷി തുടങ്ങിയവരാണ് ദുരിതത്തിലായത്. കെ.ഐ.പി കനാലിലൂടെ വെള്ളം യഥാസമയം എത്താതായതോടെ കൃഷി കരിഞ്ഞുതുടങ്ങി. അടൂരില്‍ ഏനാദിമംഗലം പഞ്ചായത്തിലെ കുറുമ്പകരയിലും ഏറത്തെ ചൂരക്കോട്, നെടുംകുന്നത്തുമല ഭാഗങ്ങളിലും കൃഷി ചെയ്തിരുന്ന ഏത്തവാഴകള്‍ ഒടിഞ്ഞുതുടങ്ങി. പന്തളത്തെ കുരമ്പാല, പൂഴിക്കാട്, വലക്കടവ് ഭാഗങ്ങളില്‍ വന്‍തോതില്‍ വാഴ നശിച്ചു. ജലക്ഷാമം രൂക്ഷമായതോടെ കാര്‍ഷികാവശ്യങ്ങള്‍ക്കും വെള്ളം കണ്ടെത്താനാകുന്നില്ല. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പച്ചക്കറി കൃഷിയും കരിഞ്ഞുതുടങ്ങി. നെല്ല് കൃഷിയെയും വരള്‍ച്ച രൂക്ഷമായി ബാധിച്ചിട്ടുണ്ട്. കുളനടയിലെ വല്ലച്ചിറ, പുലിക്കുന്ന് പാടശേഖരങ്ങളില്‍ നെല്‍കൃഷിക്ക്​ വെള്ളം കിട്ടുന്നില്ല. പാട്ടത്തിനെടുത്ത്​ കൃഷി നടത്തിയവരടക്കം വന്‍ നഷ്ടമാണ് നേരിടുന്നത്. കിഴക്കന്‍ മലയോര മേഖലയിലും കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങിത്തുടങ്ങി. ചിറ്റാര്‍, സീതത്തോട് ഭാഗങ്ങളില്‍ ഏത്തവാഴയും പച്ചക്കറിയും കരിഞ്ഞുണങ്ങിത്തുടങ്ങി. കൃഷിയിടങ്ങളിലെ ജലസാന്നിധ്യം കുറഞ്ഞതോടെയാണ് കൃഷിയെ ബാധിച്ചത്. വെറ്റില, മരച്ചീനി കൃഷികളെയും വരള്‍ച്ച ബാധിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ നഷ്ടം നേരിട്ട കൃഷിയിടങ്ങള്‍ക്കാണ് ഇപ്പോള്‍ വേനലും വിലങ്ങുതടിയായത്. കാട്ടുമൃഗങ്ങളില്‍നിന്ന്​ സംരക്ഷിച്ച് വളര്‍ത്തിക്കൊണ്ടുവന്ന കൃഷികളാണ് വിളവെടുക്കാറാകുമ്പോഴേക്കും കരിയുന്നത്. പമ്പാ നദിയിൽ നീരൊഴുക്ക്​ കുറഞ്ഞ്​ പലസ്ഥലത്തും ചെറിയ ചാലുകൾ മാത്രമായിട്ടുണ്ട്​. അച്ചൻകോവിൽ നദിയിലും ജലനിരപ്പ്​ ക്രമാതീതമായി താഴുകയാണ്​. ജല നിരപ്പ്​ താഴ്​ന്നതോടെ പ്രധാനകുടിവെള്ള പദ്ധതിക​ളെല്ലാം വലിയ ഭീഷണിയിലാണ്​. തടയണകൾ നിർമിച്ചതുകൊണ്ട്​ മാത്രമാണ്​ പല സ്ഥലത്തും തടസ്സമില്ലാതെ പമ്പിങ്​ നടത്താൻ കഴിയുന്നത്​. ഫോട്ടോ PTL 10 VASHA പന്തളം പൂഴിക്കാട് ഹരിഹരജ വിലാസത്തില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍റെ ഏത്തവാഴത്തോട്ടം വേനലില്‍ കരിഞ്ഞുണങ്ങിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.