നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുതന്നെ കെ.എസ്.ആർ.ടി.സി ടെര്‍മിനലില്‍നിന്ന് ബസുകള്‍ ഓപറേറ്റ് ചെയ്യാന്‍ കാത്തിരിപ്പ്​ നീളുന്നു

പത്തനംതിട്ട: ജനപ്രതിനിധികൾ ഓരോ കാലത്തും വലിയ അവകാശവാദങ്ങൾ മുഴക്കുകയും നിരവധി ഉദ്​ഘാടനങ്ങൾ നടത്തുകയും ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് ടെര്‍മിനലില്‍നിന്ന് ബസുകള്‍ ഓപറേറ്റ് ചെയ്യാന്‍ വൈകുന്നു. തകർന്ന്​ മഴക്കാലത്ത്​ ചളിക്കുളമായ നഗരസഭയുടെ നിലവിലെ ബസ്​ സ്റ്റാൻഡിൽ​ ഇപ്പോൾ ​പൊടിശല്യം അതിരൂക്ഷമാണ്​. കഞ്ചാവ്​ മാഫിയ അടക്കം സാമൂഹികവിരുദ്ധർ ഇവിടം താവളമാക്കുകയും ചെയ്തിരിക്കുന്നു. യുവാക്കളുടെ കൂട്ടഅടി ഇവിടെ പതിവായിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽനിന്ന്​ ഒരു മാറ്റത്തിനായി യാത്രക്കാർ ഏറെ നാളായി കാത്തിരിക്കുന്നെങ്കിലും എല്ലാം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്​. ശബരിമല തീര്‍ഥാടനകാലത്ത് ഹബ്ബായി പ്രവര്‍ത്തിച്ച ബസ് ടെര്‍മിനല്‍ അതു കഴിഞ്ഞതോടെ വീണ്ടും പഴയപടിയായിരിക്കുന്നു. ഓഫിസുകളുടെ പ്രവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞയാഴ്ച കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടിവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം പത്തനംതിട്ടയില്‍നിന്നുള്ള ബസുകളുടെ ഷെഡ്യൂള്‍ ആരംഭിക്കുന്നത് പുതിയ സ്റ്റാന്‍ഡില്‍ നിന്നാകണമെന്ന തീരുമാനമുണ്ടായി. ബസുകളുടെ പാര്‍ക്കിങ്​ നിലവില്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റിയിട്ടുള്ളതിനാല്‍ ഇവ ഇവിടെനിന്ന് ബോര്‍ഡ്​വെച്ച് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെത്തി യാത്ര ആരംഭിക്കുകയെന്നതാണ് ഇപ്പോഴത്തെ രീതി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്താണ് പത്തനംതിട്ടയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം തുടങ്ങിയത്. നഗരസഭ ബസ് സ്റ്റാന്‍ഡിലെ ഒരുഭാഗം ഏറ്റെടുത്ത് അവിടെനിന്നാണ് അന്നു മുതല്‍ കെ.എസ്.ആർ.ടി.സി ബസുകളും ഓപറേറ്റ് ചെയ്തുവരുന്നത്. അന്നത്തെ സര്‍ക്കാര്‍ ഇറങ്ങുന്നതിനുമുമ്പ്​ പുതിയ സ്റ്റാൻഡിന്‍റെ ഉദ്ഘാടനത്തിന്​ ശ്രമം നടന്നതാണ്. പിന്നീട് അഞ്ചുകൊല്ലത്തിനുശേഷം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ് ഉദ്ഘാടനം നടത്തി. 80 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ച് ഓഫിസ് ഉള്‍പ്പെടെ സംവിധാനങ്ങള്‍ ടെര്‍മിനലിലേക്കു മാറ്റിക്കൊണ്ടായിരുന്നു ഉദ്ഘാടനം. പിന്നീട് ഡി.ടി ഓഫിസ്, യാര്‍ഡ് നിര്‍മാണം, ശബരിമല ഹബ് ഉദ്ഘാടനങ്ങളും നടന്നു. ഷോപ്പിങ്​ കോംപ്ലക്‌സ് ഒരുനില പൂര്‍ത്തീകരിച്ച് വാടക കരാര്‍ ഉറപ്പിച്ചിട്ടുമുണ്ട്. ഇതില്‍നിന്ന്​ ലഭിച്ച വരുമാനവും സ്റ്റാൻഡ്​​ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തി. പക്ഷേ, ഷോപ്പിങ്​ കോംപ്ലക്‌സ് മുറികള്‍ കരാറെടുത്തവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കിനല്‍കിയിട്ടില്ല. ശബരിമല തീര്‍ഥാടനകാലത്ത് പത്തനംതിട്ടയില്‍നിന്നുള്ള പമ്പ ബസുകള്‍ ടെര്‍മിനലില്‍നിന്ന് ഓപറേറ്റ് ചെയ്തിരുന്നു. സ്‌പെഷല്‍ സര്‍വിസിനെത്തുന്ന ജീവനക്കാര്‍ക്കും തീര്‍ഥാടകര്‍ക്കും ടെര്‍മിനലില്‍ വിശ്രമസൗകര്യം അടക്കം നല്‍കിയിരുന്നു. ബസ് ടെര്‍മിനലിന്‍റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ തടസ്സം. സ്റ്റാന്‍ഡിലേക്ക് ബസ് കയറുന്ന ഭാഗം മുതല്‍ ഓഫിസ് വരെ 5000 ചതുരശ്ര അടി ഭാഗം പൂട്ടുകട്ട ഇട്ട് യാര്‍ഡ് നിര്‍മിച്ചിട്ടുണ്ട്. എന്നാൽ, മാലിന്യ സംസ്‌കരണ സംവിധാനം, ഓട എന്നിവയുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. ബസ് കയറേണ്ട ഭാഗങ്ങളിലെ പാത നിരപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പാര്‍ക്കിങ്​ ഏരിയയും പൂര്‍ത്തിയാകാനുണ്ട്. റോഡിന് അഭിമുഖമായ ഭാഗത്ത് കെട്ടിടത്തിന്‍റെ പണികളും ബാക്കിയാണ്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്ന ജോലികൾ മാത്രമാണ്​ ഫലത്തിൽ അവശേഷിക്കുന്നത്​. എന്നാൽ, ബസ് ​സ്റ്റാൻഡ്​​ മാറ്റം ആരൊക്കെയോ ​ആഗ്രഹിക്കുന്നില്ല എന്ന്​ സംശയിക്കത്തക്ക രീതിയിലാണ്​ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.