കോന്നി: അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് വികസനത്തിന് വനനിയമങ്ങൾ തടസ്സമാകുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്താനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി വഴി പാത നവീകരിക്കുന്നതിനുള്ള വ്യവസ്ഥ കുറഞ്ഞത് 10 മീ. വീതി വേണമെന്നതാണ്. ഇത്രത്തോളം വീതി ലഭിക്കണമെങ്കിൽ വനഭൂമി വിട്ടുനൽകണം. നിലവിൽ ചിറ്റാർമുതൽ അച്ചൻകോവിൽവരെ പാതയുണ്ട്. ദേശീയ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് സഞ്ചാരയോഗ്യമാക്കിയത്. തണ്ണിത്തോടുമുതൽ അതുമ്പുംകുളംവരെയും കല്ലേലി കാവൽപുരമുതൽ അച്ചൻകോവിൽവരെയും വനമേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. തണ്ണിത്തോട്-ഈട്ടിച്ചുവട് ഒന്നരക്കിലോമീറ്റർ ദൂരവും കാനനപാതയാണ്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കിഫ്ബി മുഖാന്തരം അച്ചൻകോവിൽ മുതൽ പ്ലാപ്പള്ളിവരെയുള്ള 100 കി.മീ. ദൂരം സഞ്ചാരയോഗ്യമാക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 100 കോടി രൂപക്കുമുകളിലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അച്ചൻകോവിൽനിന്ന് തുടങ്ങി മണ്ണാറപ്പാറ, നടുവത്തുമൂഴി, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴിവഴി പ്ലാപ്പള്ളിയിൽ എത്തിച്ചേരുന്നതാണ് റോഡ്. കാനനപാത കടന്നുപോകുന്ന സ്ഥലങ്ങളിൽ അഞ്ചുമീറ്റർ വീതിയേ നിലവിലുള്ളൂ. വീതി കൂട്ടണമെങ്കിൽ വനഭൂമി വിട്ടുകിട്ടണം. അതിന് കേന്ദ്ര പരിസ്ഥിതി, വനംമന്ത്രാലയത്തിന്റെ അനുമതിവേണം. വനഭൂമി വിട്ടുനൽകി റോഡ് വികസനത്തിന് നിലവിലെ നിയമം അനുവദിക്കുന്നില്ല. നിലവിലെ നിബന്ധനയനുസരിച്ച് അച്ചൻകോവിൽമുതൽ പ്ലാപ്പള്ളിവരെ ഒരുഘട്ടമായി റോഡുപണി പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥയാണ്. കോന്നിവഴി തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന അന്തർ സംസ്ഥാന പാതയായി രൂപപ്പെടുന്നതാണ് അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ്. ശബരിമല തീർഥാടകർക്കും ഗവി സഞ്ചാരികൾക്കും റോഡ് വളരെ സഹായകമാകും. വനഭൂമി വിട്ടുകിട്ടണമെങ്കിൽ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തണം. കല്ലേലിമുതൽ കടമ്പുപാറവരെയുള്ള വനംവകുപ്പിന്റെ റോഡുഭാഗം തകർച്ചയിലാണ്. കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണിപോലും നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.