അടൂര്‍: പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഇളമണ്ണൂര്‍-കലഞ്ഞൂര്‍-പാടം പാത നിര്‍മാണം മന്ദഗതിയില്‍ തന്നെ. കായംകുളം-പത്തനാപുരം സംസ്ഥാന പാതയില്‍ തുടങ്ങി കലഞ്ഞൂരില്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത മുറിച്ചുകടന്ന് മാങ്കോട്-പാടം വരെയാണ് നിര്‍ദിഷ്ട പാത. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 21.90 കോടി മുടക്കി നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന ഒമ്പത് പട്ടികജാതി കോളനിയും ഒരു പട്ടികവര്‍ഗ കോളനിയും ഉള്‍പ്പെടെ 40,000 പേര്‍ക്ക് ഗുണകരമാകേണ്ട പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2018 നവംബറിലാണ് ആരംഭിച്ചത്. 2019 ജനുവരി 18ന് മന്ത്രി ജി. സുധാകരന്‍ നിര്‍മാണ ഉദ്ഘാടനം നടത്തി. ഇതുവരെ 12കോടിയിലധികം രൂപ ചെലവായതായി പറയുന്നു. 12.47 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഇളമണ്ണൂര്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ടാറിങ് മാത്രമാണ് പൂര്‍ത്തീകരിച്ചത്. കലഞ്ഞൂർ മുതല്‍ 7.5 കി.മീ ദൂരത്തിൽ 4.75 കി.മീ ദൂരം ടാറിങ് ഭാഗികമായി മാത്രമേ നടന്നുള്ളു. 2020 ഏപ്രില്‍ 14ന് മുമ്പ് പണി പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാറുകാരന് പൊതുമരാമത്ത് വകുപ്പ് നല്‍കിയിരുന്ന നിര്‍ദേശം. ഇപ്പോഴത്തെ രീതിയില്‍ പണി മുമ്പോട്ടുപോയാല്‍ അടുത്തിടെയെങ്ങും പണി തീരില്ല. ഇരുവശങ്ങളിലുമായി 5460 മീറ്റര്‍ ഓട, പൈപ്പ് കൽവര്‍ട്ട് ഉള്‍പ്പെടെ 24 പുതിയ കലുങ്കുകള്‍, 2890 മീറ്റര്‍ സംരക്ഷണഭിത്തി, 10,328 ച.മീറ്റര്‍ ഇന്‍റര്‍ലോക്ക് എന്നിവയാണ് പദ്ധതിയിലുള്ളത്. ആകെ ഒമ്പത് മീറ്റര്‍ വീതിയും 5.5 മീറ്റര്‍ ടാര്‍ വീതിയും വേണ്ട പാതക്ക് മിക്ക ഭാഗത്തും അഞ്ച് മീറ്റര്‍ വീതിപോലുമില്ല. കലഞ്ഞൂര്‍ കീച്ചേരി മുതല്‍ രഞ്ജിനി ജങ്ഷന്‍ വരെ വീതി വളരെ കുറവാണ്. കളത്തൂര്‍ കലുങ്ക് ഭാഗത്ത് കൊടുംവളവായതിനാല്‍ പാതയുടെ വീതിക്കുറവ് അപകടങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു. വാഴപ്പാറ, മാങ്കോട്, ചിതല്‍വെട്ടി വരെയുള്ള ഭാഗങ്ങളിലെ ഓടയുടെ വശങ്ങളിലെ മണ്ണ് മഴയില്‍ ഒലിച്ചുപോയി വലിയ കുഴികളായി. ഇതിനിടെ ശുദ്ധജല വിതരണത്തിന് പൈപ്പിടുന്നതിന് കുഴിച്ചതോടെ പാതയിലെ വശങ്ങളും ഇടിഞ്ഞു. വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതില്‍ വരുന്ന കാലതാമസമാണ് നിർമാണം വൈകുന്നതിന് കാരണം എന്നാണ് കെ.ആര്‍.എഫ്.ബി അധികൃതര്‍ പറയുന്നത്. സ്വന്തം ചെലവില്‍ വൈദ്യുതി വകുപ്പ് പോസ്റ്റുകള്‍ എടുത്തുമാറ്റില്ല എന്നാണ് അറിയിച്ചത്. ഇതിനായി കിഫ്ബി പണം അനുവദിക്കണം എന്നാണ് വൈദ്യുതി വകുപ്പിന്‍റെ ആവശ്യം. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന പാതയുടെ നവീകരണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടാറിങ്ങിന് ഇരുവശത്തും വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. പാത നവീകരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് 'നല്ല ഗ്രാമം' സാമൂഹിക മാധ്യമ കൂട്ടായ്മ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മാങ്കോട് ജങ്ഷനില്‍നിന്ന് പണി തുടങ്ങിയത്. PTL ADR ROAD ഇളമണ്ണൂർ-പാടം പാതയിൽ രണ്ടുവർഷം മുമ്പ് ജല അതോറിറ്റി പൈപ്പിടാൻ കുഴിയെടുത്ത മാങ്കോട് ജങ്ഷനിലെ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.