കുടിവെള്ളത്തിനായി നെട്ടോട്ടം; പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ വെള്ളം

ഉയർന്ന പ്രദേശങ്ങളിൽ മിക്കപ്പോഴും വെള്ളമെത്താറില്ല മല്ലപ്പള്ളി: കുടിവെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോഴും അധികൃതരുടെ അനാസ്ഥയിൽ ദിവസവും പൈപ്പുപൊട്ടി റോഡിലൂടെ പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ വെള്ളം. താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ചോർച്ച പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പടുതോട് പാലത്തിനുസമീപവും എഴുമറ്റൂർ വായനശാല ജങ്​ഷനിലും മല്ലപ്പള്ളി വൈ.എം.സി.എ പടി - പാതിക്കാട് റോഡിൽ മഞ്ഞത്താനം കോളനിക്ക്​ സമീപവും പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിലും പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി. മാസങ്ങൾക്ക് മുമ്പും ഈ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടൽ ഉണ്ടായതാണ്. ചെറിയ ചോർച്ച രൂപപ്പെട്ട് വെള്ളം നഷ്ടപ്പെടുന്നുണ്ടെങ്കിലും അതൊന്നും തിരിഞ്ഞുനോക്കാറില്ല. പ്രധാന പൈപ്പുകളിൽ ഉണ്ടാകുന്ന തകരാറുകളാണെങ്കിൽ സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് പരിഹരിക്കാനായി അധികൃതർ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. തകരാർ പരിഹരിച്ച് ജലവിതരണം പുനരാരംഭിച്ച് ദിവസങ്ങൾ കഴിയും മുമ്പേ വീണ്ടും പൈപ്പ് പൊട്ടൽ ആവർത്തിക്കുന്ന സ്ഥിതിയാണ് പലയിടത്തും. ഇതുകാരണം ഉയർന്ന പ്രദേശങ്ങളിൽ മിക്കപ്പോഴും വെള്ളമെത്താറില്ല. പൈപ്പുകളുടെ കാലപ്പഴക്കമാണ് ഇതിന് പ്രധാന കാരണമാകുന്നത്. കാലപ്പഴക്കവും ഗുണനിലവാരവും കുറഞ്ഞ പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടി ഉണ്ടാകാറില്ല. വേനൽ കടുത്തതോടെ മലയോര മേഖലകളിൽ ഇപ്പോൾ മാസത്തിൽ രണ്ടോ, മൂന്നോ തവണ മാത്രമാണ് പൈപ്പ് ലൈനിലൂടെ കുടിവെള്ളമെത്തുന്നത്. വല്ലപ്പോഴും പൈപ്പ് ലൈനിൽ വെള്ളമെത്തുന്നതിന്‍റെ കാരണം തിരക്കിയാൽ കൃത്യമായ കാരണവും അധികൃതർക്ക് പറയാൻ ഉണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.