കോന്നി-ചന്ദനപ്പള്ളി റോഡ് പണി ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ നടപടി -എം.എൽ.എ

കോന്നി: കോന്നി - ചന്ദനപ്പള്ളി റോഡ് നിർമാണത്തിലെ പരാതികൾ പരിഹരിച്ച് ഉടൻ ടാറിങ്​ നടത്തിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജോലി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിർ​ദേശങ്ങൾ നൽകിയെങ്കിലും ബന്ധപ്പെട്ടവർ മെല്ലെപ്പോക്കു സമീപനമാണ് സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരെയും കരാറുകാരെയും വിളിച്ചുവരുത്തി റോഡ് നിർമാണം പരിശോധിച്ച ശേഷമാണ് എം.എൽ.എ നിർദേശം നൽകിയത്. 9.75 കോടിയുടെ പുനർനിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോന്നി താലൂക്ക് ആശുപത്രി ഭാഗത്തുനിന്ന്​ റിപ്പബ്ലിക്കൻ സ്കൂൾ ഭാഗത്തേക്ക് പോകുന്ന ഉപറോഡ് ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്യണം. താലൂക്ക് ആശുപത്രി മുതൽ കോന്നി ജങ്​ഷൻ വരെയുള്ള ഭാഗം പരമാവധി വീതിയിൽ ടാർ ചെയ്യണം. വള്ളിക്കോട് പൂട്ടുകട്ട പാകിയ ഭാഗവും എം.എൽ.എ സന്ദർശിച്ചു. പൂട്ടുകട്ടയുടെ ഗുണനിലവാരം പരിശോധിക്കാൻ ലാബിലേക്ക് അയക്കണമെന്നും എം.എൽ.എ നിർദേശം നല്കി. പൂട്ടുകട്ട പാകിയ ഭാഗത്ത് വെള്ളക്കെട്ടും അപകട സാധ്യതയും ഒഴിവാക്കണം. അഡ്വാൻസ് വർക്കുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാമെന്നും ബുധനാഴ്ച മുതൽ ടാറിങ്​ ആരംഭിക്കാമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എം.എൽ.എക്ക്​ ഉറപ്പുനല്കി. ടാറിങ്​ ജോലിക്ക് കാലതാമസമുണ്ടാകുന്നതിനാൽ ജനങ്ങൾ പൊടിശല്യം കാരണം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. റോഡിൽ ധാരാളം അപകടങ്ങളും സംഭവിക്കുന്നു. എം.എൽ.എയോടൊപ്പം പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനീയർ ബി. വിനു, അസി.എക്സി. എൻജിനീയർ എസ്. റസീന, അസി. എൻജിനീയർ എസ്. അഞ്ജു, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.