കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ കോന്നി വരെ റീച്ചിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ 738 കോടി ചെലവിൽ മൂന്ന് റീച്ചുകളായാണ് നടക്കുന്നത്. ഇതിൽ പ്ലാചേരി മുതൽ കോന്നി വരെയുള്ള റീച്ചിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തീകരണത്തോട് അടുക്കുകയാണ്. ടാറിങ് ജോലി കഴിഞ്ഞു. ഓടയുടെ നിർമാണവും ചെയ്തു. ഓടയുടെ മുകളിൽ തറയോടുകൾ പാകുന്ന ജോലികളും പൂർത്തിയായി. തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനത്തിന് തടസ്സമായിരിക്കുന്ന കല്ലുകളും മറ്റും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പുനലൂർ മുതൽ കോന്നി വരെ 226.61 കോടിയാണ് അടങ്കൽ തുക. സംസ്ഥാനത്ത് പ്രൊക്യൂർമൻെറ് കൺസ്ട്രക്ഷൻ രീതിയിൽ നിർമിക്കുന്ന ആദ്യ റോഡാണിത്. 14 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. 10 മീറ്റർ വീതിയിൽ ടാറിങ് നടത്തുന്ന റോഡിന്‍റെ ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാത നിർമിക്കും. കോന്നി, ചിറ്റൂർ മുക്ക്, മല്ലശ്ശേരിമുക്ക്, കുമ്പഴ വടക്ക്, മൈലപ്ര, മണ്ണാറക്കുളഞ്ഞി, ഉതിമൂട്, മന്ദിരംപടി, കുത്തുകല്ലുംപടി, ബ്ലോക്ക് പടി, ട്രഷറിപ്പടി, തോട്ടമൺകാവ്, റാന്നി, പെരുമ്പുഴ ബസ് സ്റ്റാൻഡ്, മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, മന്ദമരുതി തുടങ്ങിയ ജങ്ഷനുകൾ എല്ലാം റോഡ് നിർമാണത്തിന്‍റെ ഭാഗമായി വികസിപ്പിച്ചു. ടൗണുകളിൽ നടപ്പാതയും കൈവരികളും സ്ഥാപിക്കും. ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ് ബേകൾ, നടപ്പാതകൾ, സംരക്ഷണ ഭിത്തി, കോൺക്രീറ്റ് ഓടകൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള കയറ്റങ്ങളും വളവുകളും ലഘൂകരിച്ച് റോഡ് സുരക്ഷ ഉറപ്പാക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.