കെ-റെയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥർ പ്രതിഷേധത്തെ തുടർന്ന് സ്ഥലംവിട്ടു

വാട്ടർ ലെവൽ പരിശോധിക്കാൻ എത്തിയവരാണന്ന്​ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു മല്ലപ്പള്ളി: കെ-റെയിൽ ഉദ്യോഗസ്ഥർ വൻ പൊലീസ് സന്നാഹത്തോടെ നടക്കൽ വാക്കേകടവിൽ കല്ലിടാൻ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങി. കല്ലൂപ്പാറ-കുന്നന്താനം പഞ്ചായത്തുകളുടെ അതിർത്തിയായ വാക്കേകടവ് പാലത്തിലാണ് സംഘമെത്തിയത്. വിവരമറിഞ്ഞ് ഇരകളും കെ-റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകരും ജില്ല ചെയർമാൻ മുരുകേശൻ നടക്കലി​ന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയതോടെയാണ് നടപടികളിലേക്ക് കടക്കാതെ പിൻവാങ്ങേണ്ടിവന്നത്. വാട്ടർ ലെവൽ പരിശോധിക്കാൻ എത്തിയവരാണ് എന്നൊക്കെ തുടക്കത്തിൽ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്മാറിയില്ല. വിവരമറിഞ്ഞ് ജോസഫ് എം.പുതുശ്ശേരിയും കൂടുതൽ ആളുകളും സ്ഥലത്തെത്തിയതോടെ പ്രതിഷേധം കനത്തു. ഇതേത്തുടർന്ന് ഡ്രോൺ തകരാറിൽ ആണെന്നുപറഞ്ഞ് കെ-റെയിൽ ഉദ്യോഗസ്ഥർ സ്ഥലംവിട്ടു. മല്ലപ്പള്ളി സി.ഐയും എസ്.ഐയും എ.ആർ ക്യാമ്പിൽനിന്നുള്ള പൊലീസുകാരുമുൾപ്പെടെയുള്ളവർ സ്ഥലത്ത് നിലയുറപ്പിച്ചതോടെ തങ്ങളും പിരിഞ്ഞുപോവില്ല എന്ന സമിതി പ്രവർത്തകർ നിലപാടെടുത്തു. മണിക്കൂറുകൾ ഈ സ്ഥിതി തുടർന്നശേഷം ഉച്ചയോടെ പൊലീസ് സംഘവും പിൻവാങ്ങി. തുടർന്ന് പ്രതിഷേധയോഗവും നടത്തിയാണ് സമിതി പ്രവർത്തകർ പിരിഞ്ഞുപോയത്. തങ്ങളുടെ നിലനിൽപിന്‍റെ പ്രശ്നമാണെന്നും ഇനി എന്ന്​ ഇതിനു മുതിർന്നാലും ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്നും സമിതി പ്രവർത്തകർ വ്യക്തമാക്കി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 165 മുതൽ 180 വരെ സ്പീഡ് ഉള്ള 400 വന്ദേഭാരത് എക്സ്​പ്രസ് ട്രെയിനുകൾ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അതു ഉറപ്പാക്കി, ഒരു നിമിഷം വൈകാതെ കെ-റെയിൽ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു. സിൽവർലൈൻ പറയുന്ന 132 കിലോമീറ്ററിനെക്കാൾ വേഗതയുള്ള ട്രെയിനുകളാണിത്. നിലവിലെ പാതകൾ നവീകരിച്ച്​ ഈ ലക്ഷ്യം കൈവരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കേ കടക്കെണിയും പ്രകൃതി നാശവും കുടിയിറക്കുമടക്കം വരുന്ന സംഹാര പദ്ധതിക്ക് വാശിപിടിക്കരുത്. മുരുകേശൻ നടക്കൽ അധ്യക്ഷതവഹിച്ചു. കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻചിറ, ജോസഫ് വെള്ളിയാംകുന്നത്തു, ടി.എസ്. എബ്രഹാം, അനിൽകുമാർ അമ്പാടി, റിജോ മാമ്മൻ, സിനു ചെറിയാൻ, സുരേഷ്കുമാർ അമ്പാടി, സി.എം. ചാക്കോ, ശാന്തമ്മ അമ്പാടി, മേഴ്‌സി വെള്ളിയാംകുന്നത്ത്​, അനിത അനിൽ, ബിജു പൂതോട് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: കെ-റെയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധകാർ തടഞ്ഞപ്പോൾ lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.