പന്തളം നഗരസഭ; പ്രതിപക്ഷ പ്രതിഷേധം ബഹളത്തിൽ കലാശിച്ചു

പന്തളം: എല്‍.ഡി.എഫ്-യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലേക്കുള്ള വികസന ഫണ്ട് വിഹിതം വെട്ടിക്കുറച്ച നഗരസഭ ഭരണസമിതി തീരുമാനത്തിനെതിരെ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം ബഹളത്തിൽ കലാശിച്ചു. കഴിഞ്ഞദിവസം പന്തളം നഗരസഭയിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചുവെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ നിർദേശപ്രകാരം വികസന ഫണ്ട് കുറച്ചതിന് ആനുപാതികമായി വാർഡുകളിലേക്കുള്ള വിഹിതം നിശ്ചയിച്ചതിൽ വിവേചനമുണ്ടെന്ന് ആരോപിച്ചാണ് കൗൺസിലർമാർ ചെയർപേഴ്സന്‍റെ ഓഫിസിൽ പ്രതിഷേധസമരം നടത്തിയത്. അവധിയിലായ അസി. എൻജിനീയര്‍ എത്തിയശേഷം ഇക്കാര്യത്തിൽ പരിശോധന നടത്താമെന്ന ഉറപ്പിലാണ് ഒരുമണിക്കൂർ നീണ്ട ബഹളം അവസാനിച്ചത്. ബുധനാഴ്ച രാവിലെ 11ന് കൗണ്‍സിലര്‍മാരുടെ ഓൺലൈൻ കൗൺസിൽ വിളിച്ചിരുന്നു. ഈ സമയം ചെയർപേഴ്സൻ സുശീല സന്തോഷിന്‍റെ മുറിയിലെത്തിയ കൗൺസിലർമാർ പരാതി അറിയിച്ചു. 1.42 കോടിയാണ് സർക്കാർ വെട്ടിക്കുറച്ചത്. ഈ തുക പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ മാത്രമായി കുറവ് ചെയ്തതെന്നായിരുന്നു പരാതി. 16 വാർഡുകളിലാണ് ഇത്തരത്തിൽ തുക കുറഞ്ഞത്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണിയിലെ 14പേരുടെ വാര്‍ഡുകളും ഇതിൽ ഉൾപ്പെട്ടു. തുടർന്നാണ് എൽ.ഡി.എഫ് കൗൺസിലർ എസ്. അരുൺ, യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരാതി അറിയിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് നഗരസഭ കൗൺസിൽ വിളിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.