മഞ്ഞനിക്കര തീര്‍ഥാടനം; ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

പത്തനംതിട്ട: മഞ്ഞനിക്കര തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. കോവിഡ് സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലാണ്. വരും ദിനങ്ങളില്‍ രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. അതിന് മുന്നോടിയായി എല്ലാ വകുപ്പുകളുടെയും നേതൃത്വത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പെരുന്നാള്‍ നടത്താന്‍ സാധിച്ചാല്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം സാഹചര്യം അനുസരിച്ചായിരിക്കും നിശ്ചയിക്കുകയെന്ന് കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പെരുന്നാള്‍ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. മഞ്ഞനിക്കര പെരുന്നാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി അടൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫിസറെ ലെയ്‌സണ്‍ ഓഫിസറായി നിയമിച്ചു. മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ആവശ്യമായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്നും ആംബുലന്‍സ് സൗകര്യം ക്രമീകരിക്കുമെന്നും ഡി.എം.ഒ ഡോ. എല്‍. അനിതകുമാരി പറഞ്ഞു. പന്തളത്തുനിന്ന്​ അധിക കെ.എസ്.ആര്‍ടി.സി സര്‍വിസ് നടത്തും. തീർഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിയും ക്രമസമാധാനപാലനം, വ്യാജ മദ്യവില്‍പനയും ലഹരിവസ്തുക്കളുടെ ഉപയോഗം തടയലും പൊലീസ്, എക്‌സൈസ് വകുപ്പുകളും നിര്‍വഹിക്കും. ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജനപ്രതിനിധികള്‍, കെ.എസ്.ഇ.ബി, ഫയര്‍ഫോഴ്സ്, വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യു.ഡി, എക്സൈസ് തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും മഞ്ഞനിക്കര പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ ജേക്കബ് തോമസ് മാടപ്പാട്ട് കോര്‍ എപ്പിസ്‌കോപ്പ, ബിനു വാഴമുട്ടം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.