കോന്നിയിൽ ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങളില്ല കോന്നി: കോന്നി നിയോജകമണ്ഡലത്തിന്റെ ആസ്ഥാനമായ കോന്നി ഗ്രാമപഞ്ചായത്തിന് നഗരസമാനമായ വരുമാനമുണ്ട്. 18 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ഒരു ഭരണസമിതിക്കും സാധിച്ചിട്ടില്ല. വലിയ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രകടനപത്രികയിൽ അക്കമിട്ട് നിരത്തുന്നതല്ലാതെ അധികാരത്തിൽ എത്തിയാൽ എല്ലാം മറന്നുപോകുന്ന ജനപ്രതിനിധികളെയാണ് കാണുന്നത്. ഒരോ തെരഞ്ഞെടുപ്പുകളിലും മുന്നണികളുടെ പ്രകടനപത്രികയിൽ ഇടംപിടിച്ച മാസ്റ്റർ പ്ലാൻ ഇന്നും യാഥാർഥ്യമായിട്ടില്ല. മലഞ്ചരക്ക് വിപണനകേന്ദ്രമാണെങ്കിലും അവയുടെ ഉൽപാദന വളർച്ചക്ക് പദ്ധതികൾ ആവിഷ്കരിക്കുന്നില്ല. ഇതുമൂലം മലഞ്ചരക്ക് വിപണി വർഷംതോറും തളരുകയാണ്. പ്രകടനപത്രികകളിൽ സ്ഥിരം ഇടംപിടിക്കുന്നതാണ് പൊതുശ്മശാനം. ഇതിനായി മുറവിളി തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. കോന്നി നാരായണപുരം മാർക്കറ്റിൽ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തതുമൂലം മാലിന്യം കുമിഞ്ഞുകൂടുകയാണ്. ഏറ്റവും തിരക്കുള്ള കോന്നിയിൽ പൊതുജനത്തിന് ഉപയോഗിക്കാനായി പൊതുശൗചാലയം ഇല്ല. കോന്നി നാരായണപുരം ചന്തയിൽ രണ്ടിലധികം ശൗചാലയങ്ങൾ ഉണ്ടെങ്കിലും ഒന്നും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പ്രകടനപത്രികകളിലെ പ്രധാന കാര്യമാണ് വഴിയോര കച്ചവടം ഒഴിപ്പിക്കൽ. അതിനായി ഒരോ ഭരണസമിതിയും രംഗത്തുവരാറുണ്ടെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതി ഇതിനായി രംഗത്തെത്തിയെങ്കിലും ട്രേഡ് യൂനിയൻ നേതാക്കൾ രംഗത്തെത്തിയതോടെ ആ നീക്കവും പൊളിഞ്ഞു. കുടിവെള്ള പ്രശ്ന പരിഹാരത്തിനായി പദ്ധതികൾ പലതും ആസൂത്രണം ചെയ്തതെങ്കിലും ഒന്നും നടപ്പാക്കാൻ കാലാകാലങ്ങളിൽ ഭരിച്ചിരുന്ന ഭരണസമിതികൾക്ക് സാധിച്ചില്ല. വരുന്ന നാലു വർഷംകൊണ്ടെങ്കിലും പറയുന്ന വാഗ്ദാനങ്ങൾ എന്തെങ്കിലും നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.