ഒരുവ്യക്തി രണ്ടു വീടിന്‍റെ ആനുകൂല്യം കൈപ്പറ്റിയെന്ന്; നഗരസഭയിൽ വിജിലൻസ് റെയ്ഡ്

പന്തളം: ഒരു വ്യക്തി രണ്ടുവീടിന്‍റെ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിൽ പന്തളം നഗരസഭ ഓഫിസിൽ വിജിലൻസ് റെയ്ഡ്​. സംസ്ഥാന സർക്കാറിന്‍റെ കെയർ ഹോം പദ്ധതിയിൽ വീടു ലഭിച്ച വ്യക്തിക്ക്​ പ്രധാനമന്ത്രി ഭവനപദ്ധതി-ലൈഫ് പദ്ധതിയിൽനിന്ന്​ പണം അനുവദിച്ചതുമായി ബന്ധപ്പെടെ പരാതിയിലാണ് റെയ്ഡ് നടന്നത്. ശനിയാഴ്ച രാവിലെ 11ന് നഗരസഭ ഓഫിസിൽ എത്തിയ വിജലൻസ് സംഘം പരാതിക്ക്​ ഇടയാക്കിയ ഫയലുകൾ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്​ വൈകീട്ട്​ മൂന്നുവരെ നഗരസഭയിൽ പരിശോധന നടത്തിയ ശേഷമാണ് വിജലൻസ് സംഘം മടങ്ങിയത്. പരിശോധന തുടരുമെന്നും പരാതിക്ക് ആധാരമായ ഫയലുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റെയ്ഡിന്​ നേതൃത്വം നൽകിയ വിജലൻസ് സി.ഐ എ. അനിൽകുമാർ 'മാധ്യമ'ത്തോട്​ പറഞ്ഞു. അനർഹമായി വീടുവെക്കാൻ പണം അനുവദിച്ചതിനെതിരെയുള്ള പരാതി മുമ്പ് നഗരസഭയിൽ ഏറെ ബഹളത്തിന് ഇടയാക്കിയിട്ടുണ്ട്. 2019 -20 കാലഘട്ടത്തിൽ നഗരസഭ 25ആം ഡിവിഷനിൽ നൽകിയ ആനുകൂല്യമാണ് പരാതിക്കടിസ്ഥാനം. സംസ്ഥാന സർക്കാറിന്‍റെ കെയർ ഹോം പദ്ധതിയിൽ വീടുലഭിച്ച ആളിനാണ് പി.എം.എ.വൈ (പ്രധാനമന്ത്രി ഭവനപദ്ധതി)-ലൈഫ് പദ്ധതിയിലും വീടുനൽകിയത്. ഇതാണ്​ പരാതിക്കിടയാക്കിയത്. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്ക് വഴിയാണ് കെയർ ഹോം പദ്ധതിയിൽ വീടിന്​ പണം അനുവദിച്ചത്. ഫോട്ടോ .. പന്തളം നഗരസഭയിൽ വിജിലൻസ് സി.ഐ എ. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഫയലുകൾ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.