സവിശേഷ വിശേഷം - പംക്തിയി ഈ പൊലീസുകാർക്ക് ഇതുവരെ എന്തായിരുന്നു പണി. ചൊറിയും കുത്തിയിരിക്കുകയായിരുന്നില്ലെന്ന് അറിയാം. ചുമ്മാ പോകുന്നവനെയും കേറി ഒന്നു ചൊറിയുന്ന വേലത്തരവുമായി ഇവർ നാടുനീളെ നടക്കുന്നുണ്ടായിരുന്നു. പൊലീസിന്‍റെ ഈ ചൊറിയുന്ന സ്വഭാവമാണ് ഇപ്പോൾ നാട്ടിലെ ചർച്ച. ഭരണപാർട്ടിയുടെ സമ്മേളനത്തിൽ ഭരണത്തെ ചൊറിയാൻ ചിലർ ആയുധമാക്കുന്നത് പൊലീസിന്‍റെ ഈ ചൊറിയുന്ന സ്വഭാവത്തെക്കുറിച്ചുള്ള ആരോപണങ്ങളാണ്. രണ്ടു ദിവസമായി ജില്ലയിൽ പൊലീസ് പിടികൂടിയ പ്രതികളുടെ എണ്ണം കണ്ടാണ് ഇവർക്ക് ഇതുവരെ എന്തായിരുന്നു പണിയെന്ന് ചോദിച്ചുപോയത്. ശനിയും ഞായറുമായി ജില്ലയിൽ പിടികൂടിയത് 34 കൊടും കുറ്റവാളികളെയാണ്. കഴിഞ്ഞ ബുധനാഴ്ച ഇത്തരത്തിലുള്ള 36പേരെ പിടികൂടിയിരുന്നു. പൊലീസ് തന്നെ പുറത്തുവിട്ട കണക്കാണിത്. നടപടി തുടരുകയാണെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പൊക്കുമെന്ന മുന്നറിയിപ്പും അറിയിപ്പിലുണ്ട്. സംഘടിത കുറ്റകൃത്യങ്ങൾക്കും ഗുണ്ടാ ആക്രമണങ്ങൾക്കും മറ്റുമെതിരെ പൊലീസ് നടപടി ശക്തമാക്കിയതിന്‍റെ ഭാഗമായാണത്രെ ഇത്രയും പേരെ കൂട്ടത്തോടെ പൊക്കിയത്. നടപടി ശക്തമാക്കി എന്ന് പറയുമ്പോൾ ഇതുവരെ ഇവർക്ക് ഇളവ് അനുവദിച്ചിരുന്നു എന്നല്ലേ കരുതേണ്ടത്. ഇളവ് ഏതുവുകുപ്പ് പ്രകാരമാണെന്ന് ചോദിച്ചുപോകുക സ്വാഭാവികമാണല്ലോ. സർവാധികാരികൾ തങ്ങളാണെന്ന മട്ടിൽ നാട്ടിലിറങ്ങി ജനങ്ങളുടെ 'മെക്കിട്ട്' കയറുന്നത് പൊലീസിന് വിനോദമാണ്. ഗുണ്ടകളുടെയും വിനോദം അതുതന്നെയാണ്. പൊലീസും ഗുണ്ടകളും തമ്മിലെ ചങ്ങാത്തവും ജനത്തിനറിയാം. ഒരുകാര്യത്തിന് ഒരു ഗുണ്ടയുടെ അടുത്ത് പോകേണ്ട നിർബന്ധിതാവസ്ഥ വന്നാൽ പാവം പൗരന്മാർക്ക് മുട്ടിടിക്കും. പൊലീസ്സ്റ്റേഷനിൽ പോകേണ്ടിവന്നാലും പാവം പൗരന്മാരുടെ മുട്ടിന്‍റെ സ്ഥിതി അതുതന്നെ. പേടിപ്പിച്ച് നിർത്തിയില്ലെങ്കിൽ പിന്നെ പൊലീസുകാരനെ ആരെങ്കിലും മൈൻഡ് ചെയ്യുമോ എന്നാണ് പൊലീസുകാരുടെ ചോദ്യം. നാട്ടുകാർക്ക് തങ്ങളെ പേടിയില്ലാതായാൽ പിന്നെ ജീവിക്കാനെന്തു ചെയ്യുമെന്നാണ് ഗുണ്ടകളുടെയും ചോദ്യം. പൊലീസിന്‍റെ പ്രാഥമിക ദൗത്യം ഗുണ്ടകളെയും അക്രമികളെയും അമർച്ച ചെയ്യുകയാണ്. അതിന് സമയം കിട്ടിയില്ലെന്നാണ് മൂന്നുദിവസം കൊണ്ട് പിടികൂടിയവരുടെ കണക്ക് പുറത്തുവിട്ട് പൊലീസ് പറയാതെ പറയുന്നത്. പകരം ഇവർ ചെയ്തുകൂട്ടുന്ന കാര്യങ്ങളാണ് പാർട്ടി സമ്മേളനങ്ങളിൽവരെ ചർച്ചചെയ്യുന്നതിന് സഖാക്കളെ നിർബന്ധിതരാക്കുന്നത്. പൊലീസിന്‍റെ ഗുണ്ടാ മനോഭാവം ഹൈകോടതി പോലും ചൂണ്ടിക്കാട്ടി. മുഷ്കും കയ്യൂക്കും കാട്ടുന്നവർ എത്ര പരിമിതമാണ് എന്നതാണ് ഒരു സമൂഹത്തിന്‍റെ പരിഷ്കാരം അളക്കുന്നതിന് പുതിയ കാലത്തെ അളവുകോൽ. സമൂഹത്തിലെ നിയമവാഴ്ചയും ജനാധിപത്യവത്കരണവും എത്രമാത്രമെന്നും അതിൽ നിന്നറിയാം. കുത്താൻ വരുന്ന ഗുണ്ടകളോടും പോത്തിനോടും വേദം ഓതിയിട്ട് കാര്യമില്ലെന്നാണ് നാട്ടുവർത്തമാനം. ഇപ്പോൾ നാട്ടിലാകെ പൊലീസിനോട് നടക്കുന്ന വേദമോതൽ ഓരോ പൊലീസ് സേനാംഗവും വ്യക്തിപരമായി എത്ര ഉൾക്കൊള്ളുമെന്നതിൽനിന്ന് അവർ ഓരോരുത്തരും തെളിയിക്കുക അവർ പോത്തോ ഗുണ്ടയോ അല്ലെന്നതാവില്ലേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.